കറാച്ചി: കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യ ജയിക്കാന്‍ ശ്രമിച്ചില്ലെന്നത് വസ്തുതയാണെന്ന് പാക് ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ്. ഇന്ത്യ-ഇംഗ്ലണ്ട് മത്സരം ഒരു നൂറു തവണ വീണ്ടും കണ്ടാലും ഏത് കൊച്ചുകുട്ടിക്കും അത് മനസിലാവും. പക്ഷെ അതുകൊണ്ടാണ് പാക്കിസ്ഥാന്‍ ലോകകപ്പില്‍ നിന്ന് പുറത്തായത് എന്ന് പറയാനാവില്ലെന്നും ഹഫീസ് വ്യക്തമാക്കി.

ഞങ്ങള്‍ പുറത്തായത് ഞങ്ങളുടെ പിഴവുകള്‍ കൊണ്ടാണ്. ലോകകപ്പില്‍ ഞങ്ങള്‍ നല്ല രീതിയിലാണ് കളിച്ചത്. പക്ഷെ ഞങ്ങളുടെ തന്നെ പിഴവുകളാണ് പുറത്താകാന്‍ കാരണമായത്. അതുകൊണ്ട് തന്നെ ലോകകപ്പില്‍ നിന്ന് പുറത്തായതിന് ആരെയെങ്കിലും പഴിചാരാന്‍ ഞാനൊരുക്കമല്ല. അത്തരത്തില്‍ ചിന്തിക്കുന്നതും ശരിയല്ല. ബെന്‍ സ്റ്റോക്സിന്റെ ആരോപണങ്ങള്‍ക്കു ശേഷം ഞാന്‍ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം ഞാന്‍ വീണ്ടും കണ്ടിരുന്നു. ആകെ പറയാനാവുക, ഇംഗ്ലണ്ടിനെതിരെ വിജയിക്കാനായി ഇന്ത്യയുടെ ഭാഗത്തു നിന്ന് കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടായില്ല എന്നാണ്-ഹഫീസ് പറഞ്ഞു.


ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഓരോ മത്സരത്തെക്കുറിച്ചും ബെന്‍ സ്റ്റോക്സ് എഴുതിയ പുസ്തകമായ 'ഓണ്‍ ഫയറി'ലെ പരാമര്‍ശങ്ങളുടെ ചുവടുപിടിച്ചായിരുന്നു ഇംഗ്ലണ്ടിനോട് തോറ്റുകൊടുത്ത് ഇന്ത്യ, പാക്കിസ്ഥാനെ ലോകകപ്പില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്ന് പാക് മുന്‍ താരങ്ങള്‍ ആരോപിച്ചത്.
ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങള്‍ക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന് ജയിക്കാനുള്ള ആവേശമൊന്നും കണ്ടില്ലെന്നായിരുന്നു സ്റ്റോക്സ് പുസ്തകത്തില്‍ പറഞ്ഞത്.

ബാറ്റിംഗിനിറങ്ങിയ ധോണിയില്‍ വലിയ സ്കോര്‍ പിന്തുടരുമ്പോഴുള്ള ആവേശമോ വിജയതൃഷ്ണയോ ഇല്ലായിരുന്നു. സിക്സറുകള്‍ നേടുന്നതിന് പകരം സിംഗിളുകളിലൂടെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനായിരുന്നു ധോണി ശ്രമിച്ചത്. ആ സമയം ധോണിയും ക്രീസിലുണ്ടായിരുന്ന കേദാര്‍ ജാദവും കൂറ്റനടികള്‍ക്ക് ശ്രമിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ വിജയം കൈപ്പിടിയില്‍ ഒതുക്കാനാവുമായിരുന്നെന്നും എന്നാല്‍ ധോണിയില്‍ ആ വിജയതൃഷ്ണ കണ്ടില്ലെന്നും രോഹിത് ശര്‍മയും വിരാട് കോലിയും തമ്മിലുളള കൂട്ടുകെട്ട് പോലും ദുരൂഹമായിരുന്നുവെന്നും സ്റ്റോക്സ് പുസ്തകത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യ മന:പൂര്‍വം തോറ്റുകൊടുത്തതാണെന്ന പാക് താരങ്ങളുടെ ആരോപണം സ്റ്റോക്സ് നിഷേധിച്ചിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 338 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ രോഹിത് ശര്‍മ സെഞ്ചുറി നേടിയിട്ടും ഇന്ത്യക്ക് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളു. 32 പന്തില്‍ 41 റണ്‍സുമായി ധോണി പുറത്താകാതെ നിന്ന മത്സരത്തില്‍ ഇന്ത്യ 38 റണ്‍സിനാണ്  തോറ്റത്.