ടീമിനകത്തെ പടലപ്പിണക്കത്തെക്കുറിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്‌വിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്നും ദേശീയ സെലക്ടറായ വഹാബ് റിയാസ് ഇക്കാര്യങ്ങളെല്ലാം നഖ്‌വിയെ ധരിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ സൂപ്പര്‍ 8ല്‍ എത്താതെ പുറത്തായതിന് പിന്നാലെ ടീമിനകത്തെ ഗ്രൂപ്പുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതില്‍ ഷഹീന്‍ അഫ്രീദി അസ്വസ്ഥനായിരുന്നുവെന്നും ഷഹീനെ മാറ്റി വീണ്ടും ബാബറിനെ ക്യാപ്റ്റനാക്കുന്നതിന് മുമ്പ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ മുഹമ്മദ് റിസ്‌വാന് അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പുറമെ പാകിസ്ഥാന്‍ ടീമില്‍ സീനിയര്‍ താരങ്ങളായ ബാബറിന്‍റെയും ഷഹീനിന്‍റെയും റിസ്‌വാന്‍റെയും നേതൃത്വത്തില്‍ മൂന്ന് ഗ്രൂപ്പുകളുണ്ടെന്നും ടീമിനോട് അടുത്തവൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

മുഹമ്മദ് ആമിറിനെയും ഇമാദ് വാസിമിനെയും ടീമിലേക്ക് തിരിച്ചുവിളിച്ചത് ടീം അംഗങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും ദീര്‍ഘാലമായി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്ത ഇരുവരില്‍ നിന്നും മികച്ച പ്രകടനം ഉണ്ടാവാതിരുന്നത് ബാബറിനെ പ്രശ്നത്തിലാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടീമിലെ പല കളിക്കാരും പരസ്പരം സംസാരിക്കുക പോലുമില്ലെന്നും ചിലര്‍ ഗ്രൂപ്പ് നേതാക്കളായാണ് പെരുമാറുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആശങ്കയായി കോലിയുടെ ഫോം, കാനഡക്കെതിരെ സഞ്ജു പ്ലേയിംഗ് ഇലവനിലെത്തുമോ; ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ടീമിനകത്തെ പടലപ്പിണക്കത്തെക്കുറിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്‌വിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്നും ദേശീയ സെലക്ടറായ വഹാബ് റിയാസ് ഇക്കാര്യങ്ങളെല്ലാം നഖ്‌വിയെ ധരിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകകപ്പിന് മുമ്പ് ടീം അംഗങ്ങളുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തിയ നഖ്‌വി പരസ്പരം ഉള്ള പ്രശ്നങ്ങളെല്ലാം മാറ്റിവെച്ച് ലോകകപ്പില്‍ മാത്രം ശ്രദ്ധിക്കണമെന്ന് കളിക്കാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. ലോകകപ്പ് നേടിയാല്‍ ടീമിലെ പ്രശ്നങ്ങളെല്ലാം അവസാനിക്കുമെന്നും അദ്ദേഹം കളിക്കാരോട് പറഞ്ഞിരുന്നു. എന്നാല്‍ അമേരിക്കക്കെതിരായ ആദ്യ മത്സരത്തിലെ തോല്‍വി പാകിസ്ഥാന്‍റെ പദ്ധതികളാകെ തകിടം മറിക്കുകയായിരുന്നു.

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അമേരിക്കയോട് സൂപ്പര്‍ ഓവറില്‍ തോറ്റ പാകിസ്ഥാന്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യയോട് തോറ്റിരുന്നു. മൂന്നാം മത്സരത്തില്‍ കാനഡയെ തോല്‍പ്പിച്ചെങ്കിലും പാകിസ്ഥാനെയും കാനഡയെയും തോല്‍പ്പിക്കുകയും അയര്‍ലന്‍ഡിനെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തതോടെ അമേരിക്ക സൂപ്പര്‍ 8ല്‍ എത്തുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക