മുംബൈ: ക്രിക്കറ്റ് ലോകത്തിന്റെ കൈയടി വാങ്ങി ഇന്ത്യക്കാരിയായ ഏഴ് വയസുകാരി പെണ്‍കുട്ടി. പാരി ശര്‍മ എന്ന പെണ്‍കുട്ടിയുടെ ബാറ്റിംഗ് പരിശീലന വീഡിയോ ആണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണും വെസ്റ്റ് ഇന്‍ഡീസ് താരം ഷായ് ഹോപ്പുമെല്ലാം ട്വിറ്ററില്‍ പങ്കുവെച്ചത്.

ഇത്ര ചെറുപ്രായത്തിലെ തനിക്കുനേരെ വരുന്ന പന്തുകളെല്ലാം മനോഹരമായ ഫൂട്ട്‌വര്‍ക്കിലൂടെ അനായാസം നേരിടുന്ന ഈ ഏഴ് വയസുകാരിയുടെ വീഡിയോ ഒന്ന് കാണൂ എന്ന് പറഞ്ഞായിരുന്നു മൈക്കല്‍ വോണ്‍ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്.

വലുതാവുമ്പോള്‍ എനിക്ക് പാരി ശര്‍മയെ പോലെയാവണം എന്ന് പറഞ്ഞായിരുന്നു ഷായ് ഹോപ്പ് വീഡിയോ പങ്കുവെച്ചത്.

 

വീഡിയോയുടെ താഴെ ഒരു ആരാധകന്‍ ഇന്ത്യന്‍ താരം ശിഖ പാണ്ഡെയെ ടാഗ് ചെയ്ത് ഈ പെണ്‍കുട്ടിയെ കണ്ടുപിടിക്കു ശിഖ എന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇവള്‍ക്ക് കുറച്ച് ക്ലാസ് കൊടുക്കണമെന്നായിരുന്നു ശിഖയുടെ മറുപടി.

15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറിയ ഷഫാലി വര്‍മയോടാണ് പലരും പാരി ശര്‍മയെ താരതമ്യം ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം ഇന്ത്യക്കായി അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ‍് തകര്‍ത്ത് വാര്‍ത്ത സൃഷ്ടിച്ച ഷഫാലി ടി20 ലോകകപ്പിലൂടെ ഇന്ത്യക്കാരുടെ മനസില്‍ ഇടം നേടുകയും ചെയ്തു. ഷഫാലിയെപ്പോലെ പാരി ശര്‍മയും ഇന്ത്യക്കായി ഒട്ടേറെ മികച്ച പ്രകടനങ്ങള്‍ നടത്തുമെന്നാണ് വീഡിയോ കണ്ടശേഷം ആരാധകര്‍ പറയുന്നത്.

Alos Read:വോളിബോള്‍ കോര്‍ട്ടിലും അന്ന് ഇന്ത്യ-പാക് തീക്കളിയായിരുന്നു; കാര്‍ഗില്‍ യുദ്ധകാലത്തെ ഓര്‍മ്മകളുമായി ടോം ജോസഫ്