തിരുവനന്തപുരം: കളിക്കളത്തിലെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടങ്ങള്‍ എന്നും കാണികള്‍ക്ക് ആവേശമാണ്. അത് ക്രിക്കറ്റായാലും ഫുട്ബോളായാലും വോളിബോളായാലുമെല്ലാം അങ്ങനെതന്നെ. മത്സരവേദി ദുബായ് പോലെയുള്ള നഗരങ്ങളാണെങ്കില്‍ ഇരുടീമിന്റെയും ആവേശം ഇരട്ടിപ്പിക്കാന്‍ ഇന്ത്യക്കാരും പാക്കിസ്ഥാന്‍കാരുമെല്ലാം സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തും. കാര്‍ഗില്‍ യുദ്ധകാലത്ത് വോളിബോള്‍ കോര്‍ട്ടില്‍ നടന്ന ഒരു ഇന്ത്യ-പാക് പോരാട്ട കഥ ഓര്‍ത്തെടുക്കുകയാണ് ഇന്ത്യന്‍ വോളി ടീം നായകനായിരുന്ന ടോം ജോസഫ്.

അക്കഥ ടോമിന്റെ വാക്കുകളില്‍....ഖത്തറില്‍ അൽ അറബിക്ക് ടീമിന് വേണ്ടി പല ലീഗുകളും ടൂർണമെന്റുകളും കളിക്കുമ്പോഴാണ് എന്റെ ജീവിതത്തിൽ ഞാൻ പോലും പ്രതീക്ഷിക്കാതെ ഒരിക്കലും മറക്കാനാവാത്ത ഒരു കാര്യം സംഭവിച്ചത്. പണ്ടൊക്കെ അവിടെ പത്രം ലഭിച്ചിരുന്നത് ഒരു ദിവസം വൈകി ആയിരുന്നു, മാത്രവുമല്ല അന്ന് മൊബൈൽ ഫോണിന് പകരം ലാൻഡ് ഫോൺ ആയിരുന്നു ഉണ്ടായിരുന്നത്.ഒരു ദിവസം ഞാൻ രാവിലെ പ്രാക്ടിസിനു പോയി തിരിച്ചു വരുന്ന വേളയിൽ പതിവ് പോലെ മലയാള മനോരമ ന്യൂസ് പേപ്പർ റൂമിന്റെ ഡോറിനു മുന്നിൽ കിടക്കുന്നു.

ഞാൻ ആ ന്യൂസ് പേപ്പർ എടുത്തു ഡോർ തുറന്നു റൂമിൽ ചെന്നു ജേഴ്‌സിയും ഷൂവുമൊക്കെ റൂമിൽ വെച്ച് അൽപ്പനേരം റൂമിൽ ടിവിയില്‍ മലയാളം ചാനൽ വെച്ച് കണ്ടിരുന്നു.തുടർന്ന് പത്രം വായിക്കാൻ ഇരുന്നു. അപ്പോഴാണ് ആ ഞെട്ടിക്കുന്ന വാർത്ത കണ്ടത്. ദുബായിൽ വെച്ച് നടക്കുന്ന റഷീദ് ഇന്റർനാഷണൽ വോളിബോൾ ടൂര്‍ണമെന്റിലേക്ക് ഇന്ത്യൻ ടീമിന്റെ നായകനായി ടോം ജോസഫിനെ തെരഞ്ഞെടുത്തു എന്ന തലക്കെട്ടോടെയുള്ള ആ വാർത്തയും ചുവടെ ടീം അംഗങ്ങളുടെ ഫോട്ടോയും. മത്സരത്തിന്റെ തിയ്യതിയും മറ്റും അടങ്ങിയ വാർത്ത കണ്ടപാടെ എനിക്ക് വിശ്വസിക്കാൻ കഴിയാത്തൊരു ഫീലിംഗ് ആയിരുന്നു.

Alos Read:പന്തില്‍ തുപ്പല്‍ പുരട്ടരുതെന്ന് അന്നേ ഞാന്‍ പറഞ്ഞു, അവര്‍ പുച്ഛിച്ച് തള്ളി; ഇപ്പോഴെന്തായെന്ന് അക്തര്‍

ഒരുപാടു വലിയ കളിക്കാർക്കിടയിൽ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ആയിരുന്നു ഇന്ത്യൻ ടീമിന്റെ നായകൻ എന്ന പദവി എനിക്ക് ലഭിച്ചത് ഇത് എന്നും എന്റെ മനസ്സിൽ മറക്കാത്ത ഒരു അനുഭവമായി ഉണ്ടാവും. ദുബായിൽ വെച്ച് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ വേണ്ടി അൽ അറബിക്ക് ക്ലബ് എനിക്ക് ടിക്കറ്റും മറ്റു സൗകര്യങ്ങളും ചെയ്തു തരുകയും ഞാൻ ദുബായിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. ഞാൻ അവിടെ എത്തുന്നതിനു രണ്ടു ദിവസം മുൻപേ ടീം ദുബായിൽ എത്തിയിരുന്നു. തുടർന്ന് ഞങ്ങൾ പ്രാക്ടീസ് ചെയ്യുകയും ചെയ്തു, റൂമിലേക്ക് തിരിച്ചു പോവുമ്പോഴാണ് അവിടെ പ്രമുഖ ടീമുകളായ ഉക്രൈൻ, ക്യൂബ, പാക്കിസ്ഥൻ തുടങ്ങിയ ടീമുകൾ ഒക്കെ കളിക്കാൻ ഉണ്ടെന്ന് അറിഞ്ഞത് .

ആദ്യത്തെ പൂളിൽ ഇന്ത്യയും ക്യൂബയും യുഎഇ ടീമുകൾ ആയിരുന്നു അടുത്ത പൂളിൽ പാക്കിസ്ഥാനും ഉക്രൈനും ആയിരുന്നു ഉണ്ടായിരുന്നത്. ആദ്യ കളി ഇന്ത്യക്കു ക്യൂബൻ ടീമായിരുന്നു എതിരാളികൾ, അവരാവട്ടെ സുബ്ബാറാവുവിനെക്കാളും ഉയരം കൂടിയ കളിക്കാരും ആ ഉയരം കണ്ടപ്പോൾ തന്നെ ഞങ്ങൾ ഉറപ്പിച്ചു ഇവർ കോർട്ടിൽ ഇന്ത്യൻ ടീമിനെ അടിച്ചു തരിപ്പണമാക്കുമെന്ന്.

ഇന്ത്യയ്ക്കായി അന്ന് കൗണ്ടർമാരായി ജോബി ജോസെഫും ,അമീർസിങ്ങും സെന്റർ ബ്ലോക്കർമാരായി എം എസ് .രാജേഷും, ആശിഷ് റോറയും ,സെറ്റെർ ആയി രവികാന്ത് റെഡ്ഢിയും ഓൾ റൗണ്ടർ ആയി ഞാനും ,ലിബറോ ആയി മനോജുമായിരുന്നു കളിച്ചതു ,ടീമിന്റെ ഒത്തിണക്കത്തോടെയുള്ള കളികൊണ്ടും ജോബി ജോസെഫിന്റെ മാസ്മരിക സ്മാഷുകളും അമീർ സിംഗിന്റെ ടെക്‌നിക്കൽ സ്മാഷുകളും ms രാജേഷിന്റെയും ആശിഷ് റോറയുടെയും കിടിലൻ ബ്ലോക്കുകളും ആയപ്പോൾ എനിക്കും ടീമിനൊപ്പം ചേർന്ന് നല്ല കളി പുറത്തെടുക്കാൻ സാധിക്കുകയും ഞങ്ങൾക്ക് ക്യൂബൻ ടീമിനെ പരാജയപെടുത്താനും സാധിച്ചു.

ആ ഒരു വിജയത്തിൽ ശേഷം ഞങ്ങൾക്ക് ഉണ്ടായിരുന്ന പേടി അൽപ്പം മാറി രണ്ടാമതായി മത്സരിച്ച യുഎഇ ടീമിനെ നേരിട്ട് ഉള്ള സെറ്റുകൾക്ക് വിജയിച്ചു സെമി ഫൈനൽ മത്സരത്തിലേക്ക് പ്രവേശിച്ചു. അന്നത്തെ വിദേശ ടൂർണമെന്റ് എനിക്ക് തോന്നുന്നത് ഏറ്റവും കൂടുതൽ മലയാളികൾ തിങ്ങി നിറഞ്ഞു കണ്ട മത്സരം ആയിരുന്നു എന്നാണ്. സെമി ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ ടീമിനു എന്തെന്നില്ലാത്ത പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു. കാരണം മറ്റൊന്നുമല്ല ഇത്രയും വലിയ ടീമുകളോടൊക്കെ മത്സരിച്ചു സെമി ഫൈനൽ വരെ എത്തുക എന്നത് വളരെ വലിയ കാര്യം തന്നെ ആയിരുന്നു. സെമി ഫൈനൽ മത്സരം ഇന്ത്യയുടെ മുഖ്യശത്രുക്കളായ പാകിസ്ഥാൻ ടീമിനോട് ആയിരുന്നു.

Alos Read:ഇങ്ങനെയും ടെന്നിസ് കളിക്കാം, മട്ടുപ്പാവില്‍ കോര്‍ട്ടൊരുക്കി ഇറ്റാലിയന്‍ പെണ്‍കുട്ടികള്‍- വീഡിയോ

കാർഗിൽ യുദ്ധം നടക്കുന്ന സമയത്തായിരുന്നതിനാൽ ഈ മത്സരത്തിനായി ഗ്യാലറി രണ്ടു ഭാഗമായി തിരിച്ചിരുന്നു. ഒരു ഭാഗത്തായി ഇന്ത്യക്കാരെയും മറു ഭാഗത്തായി പാകിസ്ഥാൻക്കാരെയും വെവ്വേറെ ആയിരുന്നു ഇരുത്തിയിരുന്നത്. കോർട്ടിൽ ഇരു ടീമുകളും കളിക്കാനായി ഇറങ്ങിയപ്പോൾ ചെവിയിലേക്കു ഗാലറിയുടെ ഇരു ഭാഗത്തു നിന്നും അവരവരുടെ രാജ്യത്തിന് വേണ്ടി ജയ് വിളികള്‍ ഉയര്‍ന്നു. ഇന്ത്യ കി ജയ് എന്ന വാചകം ചെവിയിലേക്ക് തുളച്ചു കയറിയപ്പോള്‍ എന്റെ ശരീരമാകെ ഒരു പെരിപ്പ് അനുഭവപ്പെട്ടു.

ആ സമയം ഓരോ ഇന്ത്യൻ കളിക്കാരന്റെ നെഞ്ചിലും സ്വന്തം രാജ്യത്തിന് വേണ്ടിയുള്ള അഭിമാന മത്സരം ആണെന്ന വാശിയോട് ഞങ്ങൾ കളി ആരംഭിച്ചു. ഓരോ ബോൾ ഫിനിഷ് ചെയ്യുമ്പോഴും കൂടുതൽ കൂടുതൽ ശക്തിയോടെയും ആവേശത്തോടെയും കളിക്കാൻ കഴിഞ്ഞതും ആ മത്സരം പാകിസ്ഥാനെതിരെ വിജയം നേടാൻ കഴിഞ്ഞത് ഗാലറിയുടെ ഒരു ഭാഗത്തായി തിങ്ങി നിറഞ്ഞിരിക്കുന്ന ഇന്ത്യക്കാരുടെ ആ ആവേശം കൊണ്ടുള്ള ആ ജയ് വിളി ഒന്നുകൊണ്ട് മാത്രമാണ്.

അതിനു ശേഷം ഫൈനൽ മത്സരത്തിലേക്ക് എത്തിയ ഇന്ത്യൻ ടീമിന് അന്നത്തെ ഏറ്റവും മികച്ച ടീം ആയ ഉക്രൈൻ ആയിരുന്നു എതിരാളികൾ. ടീമിന്റെ നായകൻ ആയ ഞാനും മറ്റു സഹകളിക്കാരും ഫൈനൽ മത്സരത്തിനായി കോർട്ടിലേക്ക് എത്തിയപ്പോൾ ഇരുഭാഗത്തെ ഗാലറിയിലും ഇന്ത്യൻ ആരാധകർ തിങ്ങി നിറഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസത്തെ കളി ഗാലറിയിൽ ഇരുന്നു കളി കാണാൻ കഴിയാത്തതിന് പകരമായി രണ്ടു ഭാഗത്തെയും ഗാലറികൾ ഇന്ത്യൻ ആരാധകർ ഫൈനൽ മത്സരം വീക്ഷിക്കാൻ നേരത്തെ സ്വന്തമാക്കി കഴിഞ്ഞിരുന്നു.

കളി തുടങ്ങി ഇന്ത്യൻ ആരാധകരുടെ ജയ് വിളികൾ കഴിഞ്ഞ ദിവസത്തേക്കാളും ഉയർന്നു. എല്ലാ കളിക്കാരും സെമിയിൽ പാകിസ്താനെ തോൽപ്പിച്ചതിന്റെ ആത്മവിശ്യാസത്തിൽ ഉക്രൈൻ ടീമിനോട് പൊരുതി കളിക്കുകയും അവസാനം ദുബായ് റഷീദ് ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ ഞങ്ങൾ ചാമ്പ്യൻമാരാവുകയും ചെയ്തു.

Alos Read:ധോണിയെ മികച്ച ക്യാപ്റ്റനാക്കിയത് കുംബ്ലെ; മുന്‍  ഇന്ത്യന്‍ സെലക്റ്ററുടെ തുറന്നുപറച്ചില്‍

ആ ചാമ്പ്യൻഷിപ്പിൽ ബെസ്ററ് അറ്റാക്കർ, ബെസ്ററ് പ്ലയെർ തുടങ്ങിയ ബഹുമതികൾ എനിക്ക് സ്വന്തമാക്കാനും സാധിച്ചു. ആ ഒരു ഇന്ത്യൻ ടീമിന്റെ നായകത്വത്തിൽ വിജയം നേടാൻ കഴിഞ്ഞതിൽ ഇന്നും ഞാൻ എന്റെ പ്രിയ ഗുരുക്കന്മാരോടും സഹ കളിക്കാരോടും , സർവോപരി അന്ന് എന്നെ ഏറ്റവുമധികം കളിക്കളത്തിനുള്ളിൽ നിന്ന് പ്രോത്സാഹിപ്പിച്ച , ഈ കപ്പ് എന്റെ നായകത്വത്തിൽ ഇന്ത്യ നേടണമെന്ന് ആഗ്രഹിച്ച ജേഷ്ട്ടതുല്യനായ ജോബി ജോസെഫിനോടും ,അന്ന് ഗാലറിയിൽ നിന്ന് ഇന്ത്യൻ ടീമിന് വേണ്ടി ആർപ്പു വിളിച്ച എല്ലാ വോളീബോൾ ആരാധകരോടും കടപ്പെട്ടിരിക്കുന്നു.