ENG vs IND : 'വിലമതിക്കാനാവാത്ത താരം, പകരക്കാരില്ലാത്തവന്'; ഹാര്‍ദിക് പാണ്ഡ്യയെ വാഴ്ത്തി ചോപ്ര
ഹാര്‍ദിക് ഏഴ് ഓവറില്‍ 24 റണ്‍സിന് നാല് വിക്കറ്റും ബാറ്റിംഗില്‍ ആറാമനായിറങ്ങി 55 പന്തില്‍ 10 ബൗണ്ടറികള്‍ സഹിതം 71 റണ്‍സുമെടുത്തിരുന്നു

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍(ENG vs IND 3rd ODI) ഗംഭീര ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍താരം ഹാര്‍ദിക് പാണ്ഡ്യയെ(Hardik Pandya) പ്രശംസിച്ച് മുന്‍താരം ആകാശ് ചോപ്ര(Aakash Chopra). മൂന്നാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന് വിജയിച്ച് ഇന്ത്യ 2-1ന് പരമ്പര നേടിയപ്പോള്‍ ഹാര്‍ദിക് ഏഴ് ഓവറില്‍ 24 റണ്‍സിന് നാല് വിക്കറ്റും ബാറ്റിംഗില്‍ ആറാമനായിറങ്ങി 55 പന്തില്‍ 10 ബൗണ്ടറികള്‍ സഹിതം 71 റണ്‍സുമെടുത്തിരുന്നു.
'വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട താരമായി ഹാര്‍ദിക് പാണ്ഡ്യ വളരുകയാണ്. പൂര്‍ണ ആരോഗ്യവാനായ ഹാര്‍ദിക് പാണ്ഡ്യെയെ വിലമതിക്കാനാവില്ല. പാണ്ഡ്യക്ക് പകരക്കാരനാവാന്‍ കഴിയുന്നൊരു താരം നിലവില്‍ ഇന്ത്യയിലില്ല' എന്നും ആകാശേ ചോപ്ര കൂട്ടിച്ചേര്‍ത്തു.
മാഞ്ചസ്റ്ററില്‍ പരമ്പര വിജയികളെ നിര്‍ണയിക്കുന്ന നിര്‍ണായക മത്സരത്തില്‍ ഹാർദിക് പാണ്ഡ്യ ഏഴ് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി കൂറ്റനടിക്കാരായ ജേസൺ റോയ്, ബെൻ സ്റ്റോക്സ്, ജോസ് ബട്‍ലർ, ലിയം ലിവിംഗ്സ്റ്റൺ എന്നിവരുടെ വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഏഴോവറിൽ മൂന്നും മെയ്ഡനായിരുന്നു. ബാറ്റിംഗിന് എത്തിയപ്പോൾ തകർച്ചയിലേക്ക് വീഴുകയായിരുന്ന ഇന്ത്യയെ കരകയറ്റിയതും ഹാർദിക്കിന്‍റെ ബാറ്റിംഗ് കരുത്തായിരുന്നു. 55 പന്തിൽ പത്ത് ഫോറുകളോടെ 71 റൺസെടുത്താണ് ഹാർദിക്ക് മടങ്ങിയത്. അഞ്ചാം വിക്കറ്റിൽ റിഷഭ് പന്തിനൊപ്പം 132 റൺസിന്‍റെ നിർണായക കൂട്ടുകെട്ടുണ്ടാക്കിയതാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
ഹാര്‍ദിക് പാണ്ഡ്യക്ക് പുറമെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തും വിസ്‌മയ പ്രകടനം പുറത്തെടുത്തപ്പോള്‍ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര ഇന്ത്യക്ക് സ്വന്തമായി. നിര്‍ണായകമായ അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 45.5 ഓവറില്‍ 259 എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 42.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. റിഷഭ് പന്ത് 113 പന്തിൽ പുറത്താവാതെ 125* റൺസെടുത്തു. സെഞ്ചുറിയുമായി റിഷഭ് പന്ത് കളിയിലെയും ഓള്‍റൗണ്ട് മികവോടെ ഹാര്‍ദിക് പാണ്ഡ്യ പരമ്പരയിലേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു.
Hardik Pandya : ബാറ്റും ബോളും കൊണ്ട് പാണ്ഡ്യാവതാരം; അപൂര്‍വ നേട്ടവുമായി ഹാർദിക് പാണ്ഡ്യ