കോലിയുടെ  പുറത്താകലിനെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. മനോഹരമായൊരു സ്ട്രൈറ്റ് ഡ്രൈവ്, അസാധ്യമായൊരു കവര്‍ ഡ്രൈവ്, പിന്നെയൊരു കോപ്പി ബുക്ക് ഓണ്‍ ഡ്രൈവും. ആ മൂന്ന് ഷോട്ടുകളും പഴയ കോലിയെ ഓര്‍മിപ്പിച്ചു.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ മികച്ച ബൗളറായ റീസ് ടോപ്‌ലിക്കെതിരെ മൂന്ന് ബൗണ്ടറികളുമായി വിരാട് കോലി നല്‍കിയ തുടക്കം കണ്ടപ്പോള്‍ ആരാധകര്‍ ഒരുപാട് പ്രതീക്ഷിച്ചു. എന്നാല്‍ മൂന്ന് ബൗണ്ടറികളടക്കം 16 റണ്‍സെടുത്ത് മികച്ച തുടക്കമിട്ട കോലി ഇംഗ്ലണ്ട് ഉയര്‍ത്തിയ 247 റണ്‍സിന്‍റെ താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ഇന്ത്യയെ കൈപിടിച്ചു നടത്തുമെന്ന് ആരാധകര്‍ വെറുതെ മോഹിച്ചുപോയി. എന്നാല്‍ ആ മോഹത്തിന് അല്‍പായുസായിരന്നു. ഇംഗ്ലണ്ടിന്‍റെ ഇടംകൈയന്‍ പേസര്‍ ഡേവിഡ് വില്ലി ഒരുക്കിയ ഓഫ് സ്റ്റംപ് കെണിയില്‍ ഒരിക്കല്‍ കൂടി കോലി വീണു.

വിരാട് കോലിയുടെ പുറത്താകലിനെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര കുറിച്ചത് ഇങ്ങനെയായിരുന്നു. മനോഹരമായൊരു സ്ട്രൈറ്റ് ഡ്രൈവ്, അസാധ്യമായൊരു കവര്‍ ഡ്രൈവ്, പിന്നെയൊരു കോപ്പി ബുക്ക് ഓണ്‍ ഡ്രൈവും. ആ മൂന്ന് ഷോട്ടുകളും പഴയ കോലിയെ ഓര്‍മിപ്പിച്ചു. അത് കണ്ട് ഞങ്ങള്‍ വിശ്വസിച്ചുപോയി, മാസ്റ്റര്‍ ഇതാ ഫോമില്‍ തിരിച്ചെത്തിയിരിക്കുന്നെന്ന്. പക്ഷെ അത് അങ്ങനെയായിരുന്നില്ല. വീണ്ടും ഔട്ട് സൈഡ് എഡ്ജ് വലയില്‍ കുടുങ്ങി വിരാട് കോലി വീണു. ഇപ്പോഴും ഞങ്ങളുടെ കാത്തിരിപ്പ് തുടരുന്നു എന്നായിരുന്നു ചോപ്രയുടെ കമന്‍റ്.

ടെസ്റ്റ് പരമ്പരയിലും ടി20 പരമ്പരയിലും നിരാശപ്പെടുത്തിയ കോലി ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ പരിക്കുമൂലം കളിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ ശ്രേയസ് അയ്യര്‍ക്ക് പകരം ടീമിലെത്തിയ കോലി മികച്ച തുടക്കമിട്ടശേഷം 16 റണ്‍സിന് പുറത്തായിരുന്നു. 247 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 146 റണ്‍സിന് പുറത്തായി 100 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങുകയും ചെയ്തു.