ഇന്ത്യൻ കോച്ച് ഗൗതം ഗംഭീര്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ കടുത്ത ആരാധകനെന്ന് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര.
ഹൈദരാബാദ്: ഇന്ത്യൻ പരിശീലകന്‍ ഗൗതം ഗംഭീര്‍ പണ്ട് മുതല്‍ തന്നെ മലയാളി താരം സഞ്ജു സാംസണിന്‍റെ കടുത്ത ആരാധകനാണെന്ന് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. ബൈദരാബാദില്‍ ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ സെഞ്ചുറിയുമായി തിളങ്ങിയ സഞ്ജുവിനെയും ഇന്ത്യൻ ടീമിനെയും ഗംഭീര്‍ അഭിനന്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗംഭീര്‍ പണ്ടേക്കുപണ്ടേ സഞ്ജുവിന്‍റെ കടുത്ത ആരാധകനാണെന്ന് ആകാശ് ചോപ്ര യുട്യൂബ് വീഡിയോയില്‍ പറഞ്ഞത്.
വര്‍ഷങ്ങള്‍ക്ക് മുമ്പെ ഗൗതം ഗംഭീര്‍ എക്സ് പോസ്റ്റില്‍ പറഞ്ഞത് സഞ്ജുവെന്ന പ്രതിഭാസത്തെക്കുറിച്ച് സംസാരിക്കാമെന്നായിരുന്നു. സഞ്ജു ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്രമല്ല, ഇന്ത്യയിലെ മികച്ച യുവ ബാറ്റര്‍ കൂടിയാണെന്ന് പറഞ്ഞ ഗംഭീര്‍ ആരെങ്കിലും സംവാദിത്തിനുണ്ടോ എന്നും ചോദിച്ചിരുന്നു. ഈ പോസ്റ്റ് ചൂണ്ടിക്കാട്ടിയ ആകാശ് ചോപ്ര ഇക്കാര്യം താന്‍ സഞ്ജുവിനോട് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടെന്നും വിഡീയോയില്‍ പറഞ്ഞു.
ഇപ്പോള്‍ സഞ്ജുവിന്‍റെ മികച്ച പ്രകടനത്തിനായി അയാള്‍ കാത്തിരിക്കുകയായിരുന്നു, അഭിനന്ദിക്കാനായി. ഗംഭീര്‍ എക്കാലത്തും ഒരു സഞ്ജു ആരാധകനാണ്. ഹൈദരാബാദിലെ സഞ്ജുവിന്‍റെ ബാറ്റിംഗ് കൂടി കണ്ടതോടെ അദ്ദേഹത്തിന്‍റെ ആരാധന ഒന്ന് കൂടി കൂടിയിട്ടുണ്ടാവാനെ സാധ്യതയുള്ളു. അതിന് കാരണം, ഒരോവറില്‍ അഞ്ച് സിക്സ് അടിച്ചതും ഫ്രണ്ട് ഫൂട്ടില്‍ ഇറങ്ങിയടിച്ച ബൗണ്ടറികളും മാത്രമല്ല, പന്തിനെ തഴുകി ബൗണ്ടറിയിലേക്ക് വിടുന്ന അവന്‍റെ മാസ്മരികതക്കും അതില്‍ വലിയ പങ്കുണ്ട്. അവന്‍റെ ബാറ്റിംഗ് കാണാന്‍ തന്നെ ചന്തമാണ്. നിന്ന നില്‍പ്പില്‍ നിന്ന് അനങ്ങാതെ സിക്സ് അടിക്കാന്‍ അവനാവും. മുസ്തഫിസുറിനെതിരെ ബാക്ക് ഫൂട്ടില്‍ നിന്ന് കവറിന് മുകളിലൂടെ അവന്‍ പറത്തിയ സിക്സ് കണ്ട് ഞാന്‍ ശരിക്കും വാ പൊളിച്ചുപോയി.
ഇത്തരം അവസരങ്ങള്‍ സഞ്ജുവിന് അധികം ലഭിച്ചിട്ടില്ല, ടോപ് ഓര്‍ഡറില്‍ തുടര്‍ച്ചയായി മൂന്ന് കളികളില്‍ അവസരം കിട്ടുക എന്നത് എളുപ്പമല്ല. റുതുരാജിനോ ശുഭ്മാന്‍ ഗില്ലിനോ യശസ്വി ജയ്സ്വാളിനോ കിട്ടിയതുപോലെ സഞ്ജുവിന് ഇതുപോലെ തുടര്‍ച്ചയായി അഴസരം നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ബംഗ്ലാദേശിനെതിരെ നേടിയ സെഞ്ചുറി സഞ്ജുവിന്‍റെ കരിയറില്‍ നിര്‍ണായകമാണെന്നും ആകാശ് ചോപ്ര പറഞ്ഞു.
