ഐപിഎല്ലിൽ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടാൻ താൽപര്യം പ്രകടിപ്പിച്ചതിന് പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. 

ജയ്പൂര്‍: ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടാൻ താല്‍പര്യം പ്രകടിപ്പിച്ചുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മലയാളി താരത്തെ സ്വന്തമാക്കാൻ മുന്‍ ചാമ്പ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ വിട്ടാല്‍ സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കളിക്കാരെ കൈമാറ്റം ചെയ്യുന്നതിലൂടെ സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈ ശ്രമിക്കുന്നതെന്നും സഞ്ജുവിന് പകരം ചെന്നൈയുടെ രണ്ട് താരങ്ങളെ കൈമാറണമെന്ന് രാജസ്ഥാന്‍ ആവശ്യപ്പെട്ടെന്നും സൂചനകളുണ്ട്. ഇതിനിടെയാണ് സഞ്ജുവിനെ സ്വന്തമാക്കാനായി മുന്‍ ചാമ്പ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനായി കൊല്‍ക്കത്ത കഴിഞ്ഞ സീസണില്‍ 23.75 കോടി മുടക്കി സ്വന്തമാക്കിയ വെങ്കടേഷ് അയ്യരെ അടുത്ത സീസണ് മുമ്പ് ടീം കൈവിടാൻ സാധ്യതയുണ്ടെന്ന് മുന്‍ താരം ആകാശ് ചോപ്ര പറഞ്ഞു. നിലവില്‍ ഐപിഎല്ലില്‍ ഇന്ത്യൻ കീപ്പറില്ലാത്ത ഒരേയൊരു ടീം കൊല്‍ക്കത്തയാണ്. അതുപോലെ സഞ്ജുവിനെ ടീമിലെത്തിച്ചാല്‍ ക്യാപ്റ്റനാക്കാനുമാവും. കഴിഞ്ഞ സീസണില്‍ അജിങ്ക്യാ രഹാനെക്ക് കീഴില്‍ കൊല്‍ക്കത്ത ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും സഞ്ജുവിനെ ടീമിലെത്തിച്ച് ക്യാപ്റ്റനാക്കുന്നത് ടീമിന് എന്തുകൊണ്ടും ഗുണകരമാകുമെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ സീസണില്‍ 18 കോടി രൂപക്കാണ് രാജസ്ഥാന്‍ റോയല്‍സ് സഞ്ജുവിനെ നിലനിര്‍ത്തിയത്.പരിക്കുമൂലം അഞ്ച് മത്സരങ്ങള്‍ നഷ്ടമായ സഞ്ജുവിന് പകരം റിയാൻ പരാഗാണ് കൂടുതല്‍ മത്സരങ്ങളിലും രാജസ്ഥാനെ നയിച്ചത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പരിക്കുമൂലം പുറത്തിരുന്ന സഞ്ജുവിന് പകരമെത്തിയ പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ഷി യശസ്വി ജയ്സ്വാളിനൊപ്പം മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടുണ്ടാക്കുകയും ധ്രുവ് ജുറെലിനെ അടുത്ത വിക്കറ്റ് കീപ്പറായി ടീം വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടിയാണ് സഞ്ജു കൂടുമാറ്റത്തിന് തയാറെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക