ഐപിഎല്ലിന്റെ അടുത്ത സീസണിൽ കളിക്കാനില്ലെന്ന് സൂചന നൽകി ചെന്നൈ സൂപ്പർ കിംഗ്സ് താരം ആർ അശ്വിൻ. ടീമിൽ നിന്ന് റിലീസ് ചെയ്യണമെന്ന് അശ്വിൻ ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. 

ചെന്നൈ: ഐപിഎല്ലില്‍ അടുത്ത സീസണില്‍ കളിക്കാനുണ്ടാവില്ലെന്ന സൂചന നല്‍കി ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ആര് അശ്വിന്‍. അടുത്ത ഐപിഎല്ലിന് മുമ്പ് ടീമില്‍നിന്ന് റിലീസ് ചെയ്യണമെന്നാവശ്യപ്പെട്ട് അശ്വിന്‍ ടീം മാനേജ്മെന്‍റിന് കത്ത് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് 9.75 കോടി രൂപക്കാണ് അശ്വിന്‍ തന്‍റെ ആദ്യ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ തിരിച്ചെത്തിയത്. 2009 മുതല്‍ 2015വരെ ഐപിഎല്ലില്‍ ചെന്നൈക്കായി കളിച്ച അശ്വിന്‍ പിന്നീട് പഞ്ചാബിന്‍റെ നായകനായി. അതിനുശേഷമായിരുന്നു രാജസ്ഥാന്‍ റോയല്‍സിലെത്തിയത്. ചെന്നൈ ടീമിനൊപ്പം തന്നെ കരിയര്‍ അവസാനിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് അശ്വിന്‍ വീണ്ടും ചെന്നൈ ജേഴ്സി അണിഞ്ഞതെന്നാണ് സൂചന. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ ചെന്നൈക്കായി ഇറങ്ങിയ അശ്വിന്‍ ഏഴ് വിക്കറ്റ് മാത്രമെ നേടാനായുള്ളു.

Scroll to load tweet…

ഐപിഎല്ലിനുശേഷം തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കളിച്ച അശ്വിനെതിരെ പന്തില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണം ഉയര്‍ന്നെങ്കില്‍ ഇത് തെറ്റാണെന്ന് പിന്നീട് വ്യക്തമായിരുന്നു. കഴിഞ്ഞ വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അശ്വിന്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായാണോ ചെന്നൈ ടീമില്‍ നിന്ന് റിലീസ് ആവശ്യപ്പെട്ടതെന്ന് വ്യക്തമല്ല.ഐപിഎല്‍ കരിയറില്‍ 221 മത്സരങ്ങളില്‍ നിന്ന് 187 വിക്കറ്റുകളാണ് അശ്വിന്‍റെ കരിയറിലെ നേട്ടം.

ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സില്‍ അശ്വിന്‍റെ ക്യാപ്റ്റനായിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് വരാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് അശ്വിന്‍ ചെന്നൈ ടീം വിടാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ അപ്രതീക്ഷിതമായി അശ്വിന്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക