അപൂര്‍വമായി മാത്രമെ ഞാന്‍ പ്രവചനങ്ങള്‍ നടത്താറുള്ളു. എങ്കിലും ആഷസിന്‍റെ കാര്യത്തില്‍ ഇത്തവണ പ്രവചനം നടത്താം. ഓസ്ട്രേലിയ ആഷസ് പരമ്പര 5-0ന് നേടുമെന്നാണ് എന്‍റെ പ്രവചനം.
സിഡ്നി: ഈ വര്‍ഷം ഒടുവില്‍ നടക്കുന്ന ഇംഗ്ലണ്ട്-ഓസ്ട്രേലിയ ആഷസ് പരമ്പരയുടെ ഫലം പ്രവചിച്ച് ഓസ്ട്രേലിയന്‍ ബൗളിംഗ് ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്ത്. ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ട് ഒരു ടെസ്റ്റെങ്കിലും ജയിച്ചാല്‍ അത്ഭുതമാകുമെന്ന് മക്‌ഗ്രാത്ത് ബിബിസി റേഡിയോട് പറഞ്ഞു. ഈ വര്‍ഷം നവംബര്‍ 21ന് ഓസ്ട്രേലിയയിലെ പെര്‍ത്തിലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.
അപൂര്‍വമായി മാത്രമെ ഞാന്‍ പ്രവചനങ്ങള്‍ നടത്താറുള്ളു. എങ്കിലും ആഷസിന്‍റെ കാര്യത്തില്‍ ഇത്തവണ പ്രവചനം നടത്താം. ഓസ്ട്രേലിയ ആഷസ് പരമ്പര 5-0ന് നേടുമെന്നാണ് എന്‍റെ പ്രവചനം. കാരണം, ഓസ്ട്രേലിയൻ ടീമിനെക്കുറിച്ച് എനിക്ക് അതിയായ ആത്മവിശ്വാസമുണ്ട്. പാറ്റ് കമിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും നഥാന്‍ ലിയോണുമെല്ലാം ഹോം സീരിസില്‍ മികച്ച പ്രകടനം നടത്തുമെന്നുറപ്പാണ്. അതിന് പുറമെ ഓസ്ട്രേലിയയില്‍ ഇംഗ്ലണ്ടിനുള്ള റെക്കോര്‍ഡും കൂടി നോക്കിയാല്‍ ഓസ്ട്രേലിയ 5-0ന് പരമ്പര നേടുമെന്നുറപ്പാണ്. ഒരു ടെസ്റ്റിലെങ്കിലും ഇംഗ്ലണ്ട് ജയിച്ചാല്‍ അത് അത്ഭുതമെന്നെ പറയാനാവു-മക്ഗ്രാത്ത് പറഞ്ഞു.
ഇംഗ്ലണ്ടിന്‍റെ ടോപ് ഓര്‍ഡറും മധ്യനിരയും ഓസീസ് ബൗളര്‍മാരും തമ്മിലുള്ള പോരാട്ടമായിരിക്കും പരമ്പരയില്‍ കാണാനാകുക. ജോ റൂട്ടിനെ സംബന്ധിച്ചും ഈ പരമ്പര ഏറെ നിര്‍ണായകമായിരിക്കുമെന്നും മക്‌ഗ്രാത്ത് പറഞ്ഞു. ഓസ്ട്രേലിയയില്‍ ജോ റൂട്ടിന് ഇതുവരെ ഒരു സെഞ്ചുറി പോലും നേടാനായിട്ടില്ല. 89 റണ്‍സാണ് ഓസ്ട്രേലിയയില്‍ റൂട്ടിന്‍റെ ഉയര്‍ന്ന സ്കോര്‍. കഴിഞ്ഞ നാലു വര്‍ഷമായി ജോ റോട്ട് മിന്നും ഫോമിലാണ്. ഹാരി ബ്രൂക്കും ബെൻ ഡക്കറ്റുമാണ് ഇംഗ്ലണ്ട് നിരയില്‍ ശ്രദ്ധിക്കേണ്ട താരങ്ങളെന്നും മക്‌ഗ്രാത്ത് പറഞ്ഞു.
2015നുശേഷം ഇംഗ്ലണ്ട് ആഷസ് പരമ്പര ജയിച്ചിട്ടില്ല. 2002-2003നുശേഷം ഓസ്ട്രേലിയയില്‍ ഇംഗ്ലണ്ടില്‍ ആഷസ് പരമ്പരയ്ക്കെത്തിയപ്പോഴൊക്കെ ഒരു തവണയൊഴികെ 5-0നോ 4-0നോ പരമ്പര തോറ്റിട്ടുണ്ട്. 2010-2011ല്‍ മാത്രമാണ് ഇംഗ്ലണ്ട്, ഓസ്ട്രേലിയയില്‍ 3-1ന് പരമ്പര നേടിയത്. 2021-22ല്‍ അവസാനം ഇംഗ്ലണ്ട് ഓസ്ട്രേലിയയില്‍ പര്യടനം നടത്തിയപ്പോള്‍ 4-0നായിരുന്നു ഓസ്ട്രേലിയ ജയിച്ചത്. നാട്ടില്‍ അവസാനം കളിച്ച 15 ടെസ്റ്റില്‍ 11ലും ഓസ്ട്രേലിയ ജയിച്ചപ്പോള്‍ രണ്ട് ടെസ്റ്റില്‍ മാത്രമാണ് തോറ്റത്. രണ്ടെണ്ണം സമനിലയായി.


