മത്സരത്തിന് റിസര്‍വ് ദിനമില്ലാത്തതിനാല്‍ ഇന്ന് മഴ കളി മുടക്കിയാല്‍ ആര് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ചണ്ഡീഗഡ്: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനിറങ്ങുകയാണ്. മഴമൂലം നിരവധി മത്സരങ്ങള്‍ നഷ്ടമായ ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തിലും മഴ കളിക്കുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്. മത്സരത്തിന് റിസര്‍വ് ദിനമില്ലാത്തതിനാല്‍ ഇന്ന് മഴ കളി മുടക്കിയാല്‍ ആര് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

രാജ്യം മുഴുവന്‍ മണ്‍സൂണിന്‍റെ പ്രഭാവത്തില്‍ മഴയില്‍ കുതിരുമ്പോഴും ഇന്ന് എലിമിനേറ്റര്‍ പോരാട്ടം നടക്കുന്ന ചണ്ഡീഗഡിലെ മുള്ളൻപൂരിലുള്ള മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തില്‍ നിന്ന് ആശ്വാസവാര്‍ത്തയാണ് ലഭിക്കുന്നത്. ചണ്ഡീഗഡില്‍ മഴ പെയ്യാനുള്ള സാധ്യത വിരളമാണെന്നാണ് കാലാവസ്ഥാ പ്രവചനം. കൂടിയ അന്തരീക്ഷ താപനില 37 ഡിഗ്രിയും കുറഞ്ഞ താപനില 25 ഡിഗ്രിയുമാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

മഴ പെയ്താല്‍ മുംബൈക്ക് തിരിച്ചടി

എലിമിനേറ്റര്‍ പോരാട്ടത്തിന് ബിസിസിഐ റിസര്‍വ് ദിനം പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ മഴമൂലം കളി മുടക്കിയാല്‍ പോയന്‍റ് പട്ടികയില്‍ മുന്നിലുള്ള ടീം ക്വാളിഫയര്‍ രണ്ടിന് യോഗ്യത നേടും. ഈ സാഹചര്യത്തില്‍ പോയന്‍റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സാവും പഞ്ചാബ് കിംഗ്സിനെതിരായ ക്വാളിഫയറിന് യോഗ്യത നേടുക. നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ ഇന്ത്യൻസ് പുറത്താവും. 

മുംബൈ-ഗുജറാത്ത് പോരാട്ടത്തില്‍ ജയിക്കുന്ന ടീം ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിംഗ്സിനെയൈാണ് നേരിടേണ്ടത്. ഇന്നലെ നടന്ന ആദ്യ ക്വാളിഫയറില്‍ പഞ്ചാബിനെ എട്ട് വിക്കറ്റിന് വീഴ്ത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 14.1 ഓവറില്‍ 101 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി ലക്ഷ്യത്തിലെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക