ഇന്ന് മുംബൈ-ഗുജറാത്ത് പോരാട്ടത്തില്‍ ജയിക്കുന്നവര്‍ ഞായറാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിംഗ്സിനെ നേരിടും. ഇതില്‍ ജയിക്കുന്ന ടീമാകും ഫൈനലില്‍ ആര്‍സിബിയുടെ എതിരാളികള്‍.

ചെന്നൈ: ഐപിഎല്ലിലെ ആദ്യ ക്വാളിഫയറില്‍ പഞ്ചാബ് കിംഗ്സിനെ വീഴ്ത്തി ഫൈനലിലെത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ആദ്യ കരീടത്തിന് ഒരു ജയം അകലെയാണ്. 17 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ആര്‍സിബി ഇത്തവണ ഐപിഎല്‍ കിരീടം നേടുമോ എന്നറിയാന്‍ ചൊവ്വാഴ്ചവരെ ആരാധകര്‍ കാത്തിരിക്കണം. എന്നാല്‍ ആര്‍സിബി ഇത്തവണയെങ്കിലും കീരീടം നേടണമെങ്കില്‍ ആദ്യം മുംബൈ ഇന്ത്യൻസ് പുറത്താവണമെന്ന് തുറന്നു പറയുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ആര്‍ അശ്വിന്‍. ഇന്ന് നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഗുജറാത്ത് മുംബൈയെ വീഴ്ത്തിയാല്‍ ആര്‍സിബിക്ക് കിരീട സാധ്യതയുണ്ടെന്നും അശ്വിന്‍ പറഞ്ഞു.

ഇന്ന് മുംബൈ-ഗുജറാത്ത് പോരാട്ടത്തില്‍ ജയിക്കുന്നവര്‍ ഞായറാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിംഗ്സിനെ നേരിടും. ഇതില്‍ ജയിക്കുന്ന ടീമാകും ഫൈനലില്‍ ആര്‍സിബിയുടെ എതിരാളികള്‍. ആര്‍സിബി ഇത്തവണയെങ്കിലും കിരീടം നേടണമെങ്കില്‍ എന്തുവിലകൊടുത്തും മുംബൈ ഇന്ത്യൻസ് ഫൈനലിലെത്തുന്നത് തടയേണ്ടിവരും. മുംബൈ ഫൈനലിലെത്തിയാല്‍ ആര്‍സിബിക്ക് അത് വലിയ തിരിച്ചടിയാകും. ആര്‍സിബിയും മുംബൈ ഫൈനലില്‍ എതിരാളികളായി ആഗ്രഹിക്കുന്നുണ്ടാകില്ല. കാരണം, ആര്‍സിബിക്ക് വെല്ലുവിളി ഉയര്‍ത്താവുന്ന ഒരേയൊരു ടീം നിലവില്‍ മുംബൈ ഇന്ത്യൻസ് മാത്രമാണ്. മറ്റു ടീമുകളെക്കാള്‍ ബഹുദൂരം മുന്നിലാണ് നിലവില്‍ ആര്‍സിബിയെന്നും എന്നാല്‍ ഇത് ക്രിക്കറ്റാണെന്നും ഇവിടെ എന്തും സംഭവിക്കാമെന്നും അശ്വിന്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. 

വിരാട് കോലിക്ക് ഐസിസി കിരീടമില്ലെന്ന് പലരും പറയാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം അദ്ദേഹം ടി20 ലോകകപ്പും ഈ വര്‍ഷം ചാമ്പ്യൻസ് ട്രോഫിയും നേടി. ക്യാപ്റ്റനായല്ല അദ്ദേഹം ഇതൊന്നും നേടിയത്. പക്ഷെ കോലി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റൻമാരിലൊരാളാണ്. പതിനെട്ടാം സീസണില്‍ ആര്‍സിബി കിരീടം നേടിയാല്‍ കോലിയാലും അവിടെ തല ഉയര്‍ത്തി നില്‍ക്കുക. ആ സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിന് നിശ്ചയമുണ്ടാകുമെന്നും അശ്വിന്‍ പറഞ്ഞു.

ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സ് എതിരാളികളാവുന്നതാണ് ആര്‍സിബിക്ക് കിരീടം നേടാന്‍ ഏറ്റവും നല്ലത്. താന്‍ ആര്‍സിബി താരമായിരുന്നെങ്കില്‍ ഗുജറാത്ത് ടൈറ്റന്‍സിനെയാവും ഫൈനലില്‍ എതിരാളികളായി ആഗ്രഹിക്കുകയെന്നും അശ്വിന്‍ പറഞ്ഞു.ഈ സീസണില്‍ ആര്‍സിബിയും മുംബൈയും ഒരു തവണയാണ് ലീഗ് റൗണ്ടില്‍ നേര്‍ക്കുനേര്‍വന്നത്. ആ മത്സരത്തില്‍ ആര്‍സിബി 12 റണ്‍സിന് ജയിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക