ന്യൂസിലന്‍ഡിനെ നേരിടാന്‍ ലോക ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരം ആകാശ് ചോപ്ര

മുംബൈ: ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടമുയർത്തിയിരുന്നു. കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന കിവീസ് സംഘത്തെ തോല്‍പിക്കാന്‍ കെല്‍പുള്ള ഒരു ടീം ലോക ക്രിക്കറ്റില്‍ നിലവിലുണ്ടോ? ന്യൂസിലന്‍ഡിനെ നേരിടാന്‍ ലോക ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരം ആകാശ് ചോപ്ര. മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടംപിടിച്ച ഈ ടീമില്‍ പക്ഷേ നായകന്‍ വിരാട് കോലിക്ക് സ്ഥാനമില്ല. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ടീമിനെ ആകാശ് ചോപ്ര തെരഞ്ഞെടുത്തിരിക്കുന്നത്. അത്ര മികച്ച പ്രകടനമല്ല പുറത്തെടുത്തത് എന്നതാണ് കോലിയെ ചോപ്ര തഴയാനുള്ള കാരണം. 2019 ഓഗസ്റ്റില്‍ ആരംഭിച്ച ചാമ്പ്യന്‍ഷിപ്പിലെ 10 ഉയർന്ന റണ്‍വേട്ടക്കാരില്‍ കോലിയില്ല എന്നതാണ് വസ്തുത. കോലിക്ക് പുറമെ പാകിസ്ഥാന്‍ നായകന്‍ ബാബർ അസമിനും ഇലവനില്‍ ഇടംപിടിക്കാനായില്ല. 

രോഹിത് ശർമ്മ, റിഷഭ് പന്ത്, രവിചന്ദ്ര അശ്വിന്‍ എന്നിവരാണ് ടീമിലെ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍. ഇംഗ്ലണ്ടിന്‍റെ ജോ റൂട്ടാണ് നായകന്‍. 

രോഹിത്തിനൊപ്പം ലങ്കയുടെ ദിമുത് കരുണരത്നെയാണ് ഓപ്പണർ. രോഹിത് 12 മത്സരങ്ങളില്‍ 1094 റണ്‍സും കരുണരത്നെ 10 കളികളില്‍ 999 റണ്‍സും നേടിയിരുന്നു. ഓസ്‍ട്രേലിയക്കായി 13 കളികളില്‍ 1675 റണ്‍സുമായി ചാമ്പ്യന്‍ഷിപ്പിലെ ടോപ് സ്കോററായ മാർനസ് ലബുഷെയ്നാണ് മൂന്നാം നമ്പറില്‍. 1660, 1341 റണ്‍സ് വീതമുള്ള ജോ റൂട്ടും സ്റ്റീവ് സ്മിത്തുമാണ് നാല്, അഞ്ച് നമ്പറുകളില്‍. 

ആറാം നമ്പറില്‍ ഇംഗ്ലീഷ് ഓൾറൗണ്ട‍ർ ബെന്‍ സ്റ്റോക്സിനാണ് ഇടം കിട്ടിയത്. 17 മത്സരങ്ങളില്‍ 1334 റണ്‍സും 34 വിക്കറ്റുമുള്ളതാണ് ജഡേജയെയും ഹോള്‍ഡറേയും മറികടന്ന് സ്റ്റോക്സിനെ തെരഞ്ഞെടുക്കാന്‍ കാരണം. ജോസ് ബട്ലറെ മറികടന്ന് റിഷഭ് പന്താണ് വിക്കറ്റ് കീപ്പർ. ഗെയിം ചേഞ്ചർ എന്ന വിശേഷണം ലഭിച്ച പന്ത് 707 റണ്‍സ് നേടിയിരുന്നു. 

ടൂർണമെന്‍റിലെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനായ രവിചന്ദ്ര അശ്വിനാണ്(71) ടീമിലെ ഏക സ്പിന്നർ. ഓസീസിന്‍റെ പാറ്റ് കമ്മിന്‍സ്(70), സ്റ്റുവർട്ട് ബ്രോഡ്(69), ജോഷ് ഹേസല്‍വുഡ്(48) എന്നിവരാണ് പേസർമാർ. മുഹമ്മദ് ഷമി, ആന്‍റിച്ച് നോർജെ, മിച്ചല്‍ സ്റ്റാർക്ക് എന്നിവരെ മറികടന്നാണ് ചോപ്രയുടെ ടീമില്‍ ഹേസല്‍വുഡ് ഇടംപിടിച്ചത്. 

ആകാശ് ചോപ്രയുടെ ലോക ഇലവന്‍

രോഹിത് ശർമ്മ, ദിമുത് കരുണരത്നെ, മാർനസ് ലബുഷെയ്ന്‍, ജോ റൂട്ട്(ക്യാപ്റ്റന്‍), സ്റ്റീവ് സ്മിത്ത്, ബെന്‍ സ്റ്റോക്സ്, റിഷഭ് പന്ത്, പാറ്റ് കമ്മിന്‍സ്, രവിചന്ദ്ര അശ്വിന്‍, സ്റ്റുവർട്ട് ബ്രോഡ്, ജോഷ് ഹേസല്‍വുഡ്. 

ഇന്ത്യന്‍ താരങ്ങള്‍ ലങ്കയില്‍; ബയോ ബബിൾ ലംഘനത്തില്‍ ശ്രീലങ്കന്‍ ടീമില്‍ പ്രതിസന്ധി

കോലി പറഞ്ഞ 'ഉദ്ദേശ്യം' എന്താണെന്ന് മനസിലാവുന്നില്ല; ആരാധകന്റെ ചോദ്യത്തിന് ചോപ്രയുടെ മറുപടി

ഇനി ഹർദിക്കിനെ മാത്രം ആശ്രയിക്കാനാവില്ല; പകരക്കാരന്‍ ഓള്‍റൗണ്ടറെ നിർദേശിച്ച് മുന്‍ സെലക്ടർ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona