Asianet News MalayalamAsianet News Malayalam

ഐപിഎല്ലിലെ ഏറ്റവും മികച്ച യുവതാരത്തെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര

അയാൾ ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തി. അരങ്ങേറ്റത്തിൽ തന്നെ പ്രകടനം കൊണ്ടും കളിയോടുള്ള സമീപനം കൊണ്ടും സക്കറിയ ഞങ്ങളിലെല്ലാം മതിപ്പുളവാക്കിയിരുന്നു. പന്ത് ഒരേസമയം അകത്തേക്കും പുറത്തേത്തും സ്വിം​ഗ് ചെയ്യിക്കാൻ സക്കറിയക്ക് കഴിയും.

Aakassh Chopra on rising star of Indian Cricket
Author
Delhi, First Published May 11, 2021, 4:12 PM IST

ദില്ലി: കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് ഐപിഎല്ലിന്റെ പതിനാലാം സീസൺ പാതിവഴിക്ക് നിർത്തേണ്ടിവന്നെങ്കിലും ഒട്ടേറെ അവിസ്മരണീയ പ്രകടനങ്ങൾക്ക് സീസൺ സാക്ഷ്യം വഹിച്ചിരുന്നു. സഞ്ജു സാംസണിന്റെ വെടിക്കെട്ട് സെഞ്ചുറിയും പൃഥ്വി ഷായുടെ തകർപ്പൻ പ്രകടനവും കീറോൺ പൊള്ളാർഡിന്റെ മാസ്മരിക ഇന്നിം​ഗ്സുമെല്ലാം അതിലുൾപ്പെടും.  എന്നാൽ ഇവരൊന്നുമല്ല ഈ ഐപിഎല്ലിൽ തന്നിൽ ഏറ്റവും കൂടുതൽ മതിപ്പുണ്ടാക്കിയ യുവതാരമാരാണെന്ന് തുറന്നു പറയുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.

അത്, മറ്റാരുമല്ല, രാജയസ്ഥാൻ റോയൽസിന്റെ ഇടം കൈയൻ പേസറായ ചേതൻ സക്കറിയായണെന്ന് ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു. സക്കറിയ ശരിക്കുമൊരു റിയൽ ഡീലാണെന്നായിരുന്നു ചോപ്രയുടെ വിശേഷണം. അയാൾ ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തി. അരങ്ങേറ്റത്തിൽ തന്നെ പ്രകടനം കൊണ്ടും കളിയോടുള്ള സമീപനം കൊണ്ടും സക്കറിയ ഞങ്ങളിലെല്ലാം മതിപ്പുളവാക്കിയിരുന്നു. പന്ത് ഒരേസമയം അകത്തേക്കും പുറത്തേത്തും സ്വിം​ഗ് ചെയ്യിക്കാൻ സക്കറിയക്ക് കഴിയും.

Aakassh Chopra on rising star of Indian Cricketസ്ലോ ബോളുകളും മനോ​ഹരമായി എറിയാനാവും. റൺസ് വഴങ്ങിയാലും അത്മവിശ്വാസത്തോടെ തിരിച്ചുവരനാവുമെന്നും അയാൾ തെളിയിച്ചു. ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ താരോദയമാണ് സക്കറിയ എന്നാണ് എനിക്ക് തോന്നുന്നത്-ചോപ്ര പറഞ്ഞു. ഐപിഎല്ലിൽ കളിച്ച ഏഴ് മത്സരങ്ങളിൽ ഏഴ് വിക്കറ്റാണ് സക്കറിയയുടെ നേട്ടം. ഇതിൽ ധോണിയുടെയും കെ എൽ രാഹുലിന്റെയും മായങ്ക് അ​ഗർവാളിന്റെയും അംബാട്ടി റായുഡുവിന്റെയും വിക്കറ്റുകളും ഉൾപ്പെടുന്നു.

അരങ്ങേറ്റ മത്സരത്തിൽ പഞ്ചാബ് കിം​ഗ്സിനെതിരെ 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സക്കറിയ 13 ഡോട്ട് ബോളുകളും എറിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 220ന് മകളിൽ സ്കോർ ചെയ്തിട്ടും സക്കറിയായിരുന്നു രാജസ്ഥാന്റെ ഏറ്റവും മികച്ച ബൗളർ. സക്കറിയ കഴിഞ്ഞാൽ ഈ ഐപിഎല്ലിൽ തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച മറ്റ് താരങ്ങൾ ആവേശ് ഖാനും ഹർഷ പട്ടേലും ഹർപ്രീത് ബ്രാറും ദേവ്ദത്ത് പടിക്കലും രവി ബിഷ്ണോയിയുമാണെന്നും ആകാശ് ചോപ്ര പറഞ്ഞു.

താരലേലത്തിൽ 1.2 കോടി രൂപ മുടക്കിയാണ് രാജസ്ഥാൻ 23കാരനായ സക്കറിയയെ ടീമിലെടുത്തത്. എന്നാൽ ഐപിഎല്ലിന് തൊട്ടു മുമ്പ് സക്കറിയയുടെ സഹോദരൻ ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പിതാവ് കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഐപിഎല്ലിൽ നിന്ന് കിട്ടിയ പണം രോ​ഗബാധിതനായ പിതാവിന്റെ ചികിത്സക്കായി ഉപയോ​ഗിക്കുമെന്ന് സക്കറിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios