അഡ്‌ലെയ്ഡ്: ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റിനൊരുങ്ങുന്ന ഓസീസ് താരങ്ങള്‍ക്ക് ഏകദിന- ടി20 ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ മുന്നറിയിപ്പ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കരുതിയിരിക്കാനാണ് ഫിഞ്ച് നിര്‍ദേശിക്കുന്നത്. വ്യാഴാഴ്ച അഡ്‌ലെയ്ഡിലാണ് ആദ്യ ടെസ്റ്റ്. ഈയൊരു ടെസ്റ്റില്‍ മാത്രമാണ് കോലി കളിക്കുന്നത്. ശേഷം ്താരം നാട്ടിലേക്ക്് മടങ്ങും. പിന്നാലെ നടക്കുന്ന മൂന്ന് ടെസ്റ്റിലും അജിന്‍ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുക.

എന്നാല്‍ കൊലി കളിക്കുന്ന ഏക ടെസ്റ്റില്‍ പോലും ഓസീസ് താരങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് ഫിഞ്ചിന്റെ നിര്‍ദേശം. ഇക്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കോലി നയിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓപ്പണറായിരുന്നു ഫിഞ്ച്. അതുകൊണ്ടുതന്നെ കോലിയെ കുറിച്ച് ആധികാരികമായിട്ടാണ് ഫിഞ്ച് സംസാരിക്കുന്നത്. ''കോലിയോട് കളിക്കുമ്പോള്‍ സൂക്ഷിക്കണം. പ്രകോപിപ്പിക്കാന്‍ നില്‍ക്കരുത്. അതിന് ശ്രമിച്ചാല്‍ ഒരു ദയയും കോലി കാണിക്കില്ല. എന്നാല്‍ കോലി പഴയതിനേക്കാള്‍ ശാന്തനായിട്ടുണ്ട്. 

ഇപ്പോള്‍ കോലിക്ക് കളിയുടെ താളം മനസിലായി തുടങ്ങിയിട്ടുണ്ട്. നായകനെന്ന നിലയിലും അദ്ദേഹം കൂടുതല്‍ ശാന്തനായി. എങ്കിലും അദ്ദേഹത്തെ പ്രകോപിതനാക്കാതിരിക്കുന്നതാണ് ഓസീസ് താരങ്ങള്‍ക്ക് നല്ലത്.'' ഫിഞ്ച് കൂട്ടിച്ചേര്‍ത്തു. ഇതിനുമുമ്പ് ഇരുടീമുകളും മുഖാമുഖമെത്തിയ ഹോം ടെസ്റ്റ് സീരീസില്‍ കളിച്ചിട്ടുള്ള താരമാണ് ഫിഞ്ച്.