Asianet News MalayalamAsianet News Malayalam

IND vs NZ | റാഞ്ചി ടി20: സാക്ഷാല്‍ കിംഗ് കോലിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍

രാജ്യാന്തര ടി20യിലെ റണ്‍വേട്ടയില്‍ തലപ്പത്ത് വന്‍ പോരാട്ടം. വിരാട് കോലിയുടെ ഒന്നാം സ്ഥാനം കവരാന്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഒട്ടും പിന്നിലല്ലാതെ രോഹിത് ശര്‍മ്മ. 

India vs New Zealand 2nd T20I Martin Guptill 11 runs short of breaking Virat Kohli record
Author
Ranchi, First Published Nov 19, 2021, 12:42 PM IST

റാഞ്ചി: ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടി20(India vs New Zealand 2nd T20I) ഇന്ന് റാഞ്ചിയില്‍ നടക്കുമ്പോള്‍ വിരാട് കോലിയുടെ(Virat Kohli) വമ്പന്‍ റെക്കോര്‍ഡ് തകര്‍ക്കാന്‍ കിവീസ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍(Martin Guptill). രാജ്യാന്തര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ള വിരാട് കോലിയുടെ റെക്കോര്‍ഡ് പിന്തള്ളാന്‍ ഗുപ്റ്റിലിന് 11 റണ്‍സ് കൂടി മതി. ജയ്‌പൂരിലെ ആദ്യ ടി20യില്‍ 42 പന്തില്‍ 70 റണ്‍സെടുത്ത് ഫോമിലുള്ള ഗുപ്റ്റില്‍ ഇന്ന് കിംഗ് കോലിയുടെ റെക്കോര്‍ഡ് തകര്‍ത്താല്‍ അത്ഭുതപ്പെടാനില്ല. 

95 മത്സരങ്ങളില്‍ 3227 റണ്‍സുമായാണ് രാജ്യാന്തര ടി20യിലെ റണ്‍വേട്ടയില്‍ വിരാട് കോലി തലപ്പത്ത് നില്‍ക്കുന്നത്. രണ്ടാമതുള്ള മാര്‍ട്ടിന് ഗുപ്റ്റിലിന് 110 മത്സരങ്ങളില്‍ 3217 റണ്‍സും. ഒട്ടും പിന്നലല്ല നിലവിലെ ഇന്ത്യന്‍ ടി20 നായകന്‍ രോഹിത് ശര്‍മ്മ. 117 മത്സരങ്ങളില്‍ 3086 റണ്‍സ് ഹിറ്റ്‌മാന് സ്വന്തമായുണ്ട്. ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചാണ്(83 മത്സരങ്ങളില്‍ 2608 റണ്‍സ്) നാലാം സ്ഥാനത്ത്. 

റാഞ്ചിയിൽ വൈകിട്ട് ഏഴിനാണ് ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടി20 ആരംഭിക്കുക. ആദ്യ ടി20യിൽ ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയ ടീം ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ജയിച്ചാല്‍ കന്നി പരമ്പര രാഹുല്‍ ദ്രാവിഡ്-രോഹിത് ശര്‍മ്മ സഖ്യത്തിന് വലിയ നേട്ടമാകും. അതേസമയം പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൻ കിവീസിന് ജയം അനിവാര്യമാണ്.  

ജയ്‌പൂരില്‍ ഇന്ത്യ ജയിച്ച വഴി  

ജയ്‌പൂരിലെ ആദ്യ ടി20യില്‍ കിവീസിന്‍റെ 164 റൺസ് രണ്ട് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവ്(40 പന്തില്‍ 62), നായകന്‍ രോഹിത് ശര്‍മ്മ(36 പന്തില്‍ 48) എന്നിവരുടെ ഇന്നിംഗ്‌സിനൊപ്പം റിഷഭ് പന്തിന്‍റെ ഫിനിഷിംഗാണ്(17 പന്തില്‍ 17*) ഇന്ത്യക്ക് ജയമൊരുക്കിയത്. കെ എല്‍ രാഹുല്‍ 15നും ശ്രേയസ് അയ്യര്‍ അഞ്ചിനും വെങ്കടേഷ് അയ്യര്‍ നാലിനും പുറത്തായി. 

ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് 20 ഓവറില്‍ ആറ് വിക്കറ്റിന് 164 റണ്‍സെടുത്തു. 42 പന്തില്‍ 70 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലും 50 പന്തില്‍ 63 റണ്‍സെടുത്ത ചാപ്‌മാനുമാണ് കിവികളെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും രവിചന്ദ്ര അശ്വിനും രണ്ട് വീതവും ദീപക് ചഹാറും മുഹമ്മദ് സിറാജും ഓരോ വിക്കറ്റും വീഴ്‌ത്തി. സൂര്യകുമാര്‍ യാദവായിരുന്നു കളിയിലെ താരം. 

IND vs NZ |ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 ഇന്ന്; പരമ്പര കീശയിലാക്കാന്‍ രോഹിത് ശര്‍മ്മയും കൂട്ടരും

Follow Us:
Download App:
  • android
  • ios