റിഷഭ് പന്തിന്‍റെയും ശുഭ്മാന്‍ ഗില്ലിന്‍റെയും യശസ്വി ജയ്സ്വാളിന്‍റെയും ജിതേഷ് ശര്‍മയുടെയും അസാന്നിധ്യം ഞാന്‍ ശ്രദ്ധിച്ചിരുന്നു. നിര്‍ഭാഗ്യം കൊണ്ടാണ് അവര്‍ക്ക് ലോകകപ്പ് ടീമിലിടം ലഭിക്കാതെ പോയത്.

ജൊഹാനസ്ബര്‍ഗ്: അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പില്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവോ വെടിക്കെട്ട് ഓപ്പണണര്‍ അഭിഷേക് ശര്‍മയോ ആയിരിക്കില്ല ഇന്ത്യയുടെ നിര്‍ണായക താരമാകുക എന്ന് പ്രവചിച്ച് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്സ്. ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയായിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ വിധി നിര്‍ണയിക്കുന്ന താരമാകുകയെന്ന് ഡിവില്ലിയേഴ്സ് യുട്യൂബ് ചാനലില്‍ പറഞ്ഞു. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ കളി തിരിക്കാന്‍ കഴിയുന്ന ഹാര്‍ദ്ദിക് ടീമിന്‍റെ സന്തുലനത്തിനും വലിയ മുതല്‍ക്കൂട്ടാണെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി.

ഓപ്പണിംഗില്‍ തകര്‍ത്തടിക്കാന്‍ അഭിഷേക് ശര്‍മയും വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണുമുണ്ട്. റിഷഭ് പന്തിന്‍റെയും ശുഭ്മാന്‍ ഗില്ലിന്‍റെയും യശസ്വി ജയ്സ്വാളിന്‍റെയും ജിതേഷ് ശര്‍മയുടെയും അസാന്നിധ്യം ഞാന്‍ ശ്രദ്ധിച്ചിരുന്നു. നിര്‍ഭാഗ്യം കൊണ്ടാണ് അവര്‍ക്ക് ലോകകപ്പ് ടീമിലിടം ലഭിക്കാതെ പോയത്. എന്നാല്‍ ടീമിലിടം നേടിയ താരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തനായി തയല ഉയര്‍ത്തി നില്‍ക്കുന്നത് ഹാര്‍ദ്ദിക് പാണ്ഡ്യയാണ്. ലോകകപ്പില്‍ ഹാര്‍ദ്ദിക്കിന് നിര്‍ണായക റോളുണ്ടാകുമെന്നുറപ്പാണ്. കാരണം, പന്തുകൊണ്ടും ബാറ്റുകൊണ്ടും കളി ജയിപ്പിക്കാന്‍ മികവുള്ള താരമാണ് ഹാര്‍ദ്ദിക്.

ഏത് സാഹചര്യത്തിലും ബാറ്റ് ചെയ്യാനും ഏത് സാഹചര്യത്തിലും പന്തെറിയാനും അവനാവും. അവന്‍ ബാറ്റ് ചെയ്യാനിറങ്ങുമ്പോഴെ എത്രയും വേഗം പുറത്താക്കണമെന്നാകും എതിരാളികൾ ആഗ്രഹിക്കുക. കാരണം, അവൻ മൂന്നോ നാലോ ഓവര്‍ ക്രീസില്‍ നിന്നാല്‍ കളി കൈവിട്ടുപോകുമെന്ന് അവര്‍ക്കറിയാം. അതുപോലെ തന്നെയാണ് അവന്‍ പന്തെറിയാനെത്തുമ്പോഴും. എപ്പോള്‍ പന്തെറിയാനെത്തിയാലും വിക്കറ്റെടുക്കാനും കൂട്ടുകെട്ടുകള്‍ പൊളിക്കാനുമുള്ള പ്രത്യേക മികവ് അവനുണ്ട്. അവന്‍റെ സാന്നിധ്യം ഇന്ത്യൻ ടീമിനും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനും വലിയ മുതല്‍കൂട്ടാണെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.

വിജയ് ഹസാരെ ട്രോഫിയില്‍ കഴിഞ്ഞ ദിവസം ഹാര്‍ദ്ദിക് വിദര്‍ഭക്കെതരെ ബറോഡക്കായി വെടിക്കെട്ട് സെഞ്ചുറി നേടിയിരുന്നു. 62 പന്തില്‍ 66 റണ്‍സെടുത്തിരുന്ന ഹാര്‍ദ്ദിക് അടുത്ത ആറ് പന്തില്‍ അഞ്ച് സിക്സും ഒരു ബൗണ്ടറിയും നേടിയാണ് ലിസ്റ്റ് എ ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി തികച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക