ബംഗ്ലാദേശ്-ദക്ഷിണാഫ്രിക്ക അനൗദ്യോഗിക എമര്‍ജിങ് ടെസ്റ്റിനിടെ യുവതാരങ്ങള്‍ തമ്മില്‍ ഉന്തും തള്ളും. ബംഗ്ലാദേശ് താരം റിപ്പോണ്‍ മൊണ്ഡലും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഷെപ്റ്റോ എന്റുലിയും തമ്മിലാണ് ഉന്തും തള്ളുമുണ്ടായത്.
ധാക്ക: ബംഗ്ലാദേശ് - ദക്ഷിണാഫ്രിക്ക അനൗദ്യോഗിക എമര്‍ജിങ് ടെസ്റ്റിനിടെ യുവതാരങ്ങള്‍ തമ്മില്‍ ഉന്തും തള്ളും. ബംഗ്ലാദേശ് താരം റിപ്പോണ്‍ മൊണ്ഡലും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഷെപ്റ്റോ എന്റുലിയും തമ്മിലാണ് ഉന്തും തള്ളുമുണ്ടായത്. എന്റുലിക്കെതിരെ സിക്‌സര്‍ നേടിയ ശേഷം റിപ്പോണ്‍ തുറിച്ച് നോക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.
പിന്നാലെ ബംഗ്ലാദേശ് താരത്തിന് നേരെ എത്തിയ എന്റുലി വാക്കേറ്റത്തിനൊടുവില്‍ താരത്തെ തള്ളുകയായിരുന്നു. റിപ്പോണും വാശിയിലായിരുന്നു. ഒരു ഘട്ടത്തില്‍ എന്റുലി റിപ്പോണിന്റെ ഹെല്‍മറ്റില്‍ അടിക്കുകയും ചെയ്യുന്നുണ്ട്. അംപയര്‍മാര്‍ അനുനയത്തിന് ശ്രമിച്ചെങ്കിലും ഇരുവരും വിട്ടുകൊടുത്തില്ല.
പിന്നീട് സഹതാരങ്ങള്‍ എത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവം കഴിഞ്ഞ് മൂന്നു പന്തുകള്‍ക്ക് ശേഷവും ഇരുവരും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. റിപ്പോണ്‍ പ്രതിരോധിച്ച പന്ത് എന്റുലി ബാറ്റര്‍ക്ക് നേരെ എറിയുകയായിരുന്നു. കൃത്യസമയത്ത് ബാറ്റുകൊണ്ട് പന്ത് തടയാന്‍ റിപ്പോണിന് സാധിച്ചത് തുണയായി. വീഡിയോ കാണാം...
എന്തായാലും സംഭവത്തില്‍ ഇരു താരങ്ങള്‍ക്കും കടുത്ത അച്ചടക്ക നടപടി നേരിടേണ്ടിവരും. മാച്ച് റഫറി ഇതു സംബന്ധിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ആദ്യമായിട്ടല്ല, പര്യടനത്തില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറുന്നത്. നേരത്തേനടന്ന ഏകദിന മത്സരത്തിനിടെ പരസ്പരം പ്രശ്നമുണ്ടാക്കിയ ദക്ഷിണാഫ്രിക്കയുടെ ആന്‍ഡില്‍ സിമെലാനെയ്ക്കും ബംഗ്ലാദേശിന്റെ ജിഷാന്‍ ആലമിനും ഒരു മത്സരത്തില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.


