വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോഴും അഭിമന്യൂ ഈശ്വരന്‍റെ പേരുണ്ടായിരുന്നില്ല
ബെംഗളൂരൂ: ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് സര്‍ഫറാസ് ഖാനിനൊപ്പം വരുമെന്ന് പലകുറി പറഞ്ഞുകേട്ട പേരാണ് അഭിമന്യൂ ഈശ്വരന്‍റേത്. രഞ്ജി ട്രോഫിയിലടക്കം ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര പ്രകടനമാണ് അഭിമന്യൂ കഴിഞ്ഞ സീസണുകളില്‍ പുറത്തെടുത്തത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോഴും അഭിമന്യൂ ഈശ്വരന്‍റെ പേരുണ്ടായിരുന്നില്ല. താന്‍ തഴയപ്പെട്ടതിനെ കുറിച്ച് ഇതിന് പിന്നാലെ തുറന്നടിച്ചിരിക്കുകയാണ് അഭിമന്യൂ ഈശ്വരന്‍.
'എന്തുകൊണ്ട് ടീമിലേക്ക് പരിഗണിച്ചില്ല എന്നതിന് ഇതുവരെ കാരണമൊന്നും എന്നെ അറിയിച്ചിട്ടില്ല. ടീമിലേക്ക് എടുത്താലും ഇല്ലെങ്കിലും പ്രകടനം മെച്ചപ്പെടുത്തുന്നതിലാണ് എന്‍റെ ശ്രദ്ധ. എല്ലാ ദിവസവും എന്‍റെ മികവ് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കണം. ടീം സെലക്ഷന്‍ എന്‍റെ കയ്യിലുള്ള കാര്യമല്ല. എന്നാല്‍ പ്രകടനം ഓരോ ദിവസവും വര്‍ധിപ്പിക്കുന്ന കാര്യം എന്‍റെ കയ്യിലാണ്. അതിപ്പോള്‍ ക്ലബിന് വേണ്ടിയായാലും എന്‍റെ സംസ്ഥാനത്തിനായാലും ഇന്ത്യ എയ്‌ക്കായാലും ഈസ്റ്റ് സോണിനായാലും ഇന്ത്യന്‍ ടീമിന് വേണ്ടിയായാലും. അതിനായുള്ള പരിശ്രമങ്ങളിലാണ്. അതിലാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടതും. അങ്ങനെ പ്രകടനം മെച്ചപ്പെടുത്തുന്നതിനെ പറ്റി മാത്രമേ ഇപ്പോള്‍ ചിന്തിക്കുന്നുള്ളൂ' എന്നും അഭിമന്യൂ ഈശ്വരന്‍ പറഞ്ഞു.
ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണിനായി കളിക്കുന്നുണ്ട് ഇരുപത്തിയെഴുകാരനായ അഭിമന്യൂ ഈശ്വരന്‍. ബെംഗളൂരുവില്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 16 വരെയാണ് മത്സരങ്ങള്‍. ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകും എന്ന പ്രതീക്ഷയിലാണ് താരം. ഇതിലൂടെ ദേശീയ സെലക്‌ടര്‍മാരുടെ കണ്ണില്‍ പതിയാം എന്ന് താരം കണക്കുകൂട്ടുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 87 മത്സരങ്ങളില്‍ 22 സെഞ്ചുറികള്‍ സഹിതം 6557 റണ്‍സ് അഭിമന്യൂവിനുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 78 കളികളില്‍ 7 സെഞ്ചുറികളോടെ 3376 റണ്‍സും സമ്പാദ്യം.
Read more: കാര്യവട്ടത്ത് ലോകകപ്പ് മത്സരമില്ല; ദില്ലി സ്റ്റേഡിയം നവീകരിക്കാന്‍ 25 കോടി! ഇതെന്ത് നീതി?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
