കഴിഞ്ഞ മൂന്ന് സീസണുകളിലും ചന്ദ്രകാന്ത് പണ്ഡിറ്റിന് കീഴിലായിരുന്നു കൊല്‍ക്കത്ത ഇറങ്ങിയത്. 2024ല്‍ ഗൗതം ഗംഭീര്‍ മെന്‍ററും ചന്ദ്രകാന്ത് പണ്ഡിറ്റ് മുഖ്യ പരിശീലകനും അഭിഷേക് നായര്‍ സഹപരിശീലകനുമായിരുന്നപ്പോഴാണ് കൊല്‍ക്കത്ത മൂന്നാം ഐപിഎല്‍ കീരിടം നേടിയത്.

കൊല്‍ക്കത്ത: അടുത്ത ഐപിഎല്‍ സീസണ് മുന്നോടിയായി പുതിയ പരിശീലകനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്ത്യൻ ടീമിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലും ഗൗതം ഗംഭീറിന് കീഴില്‍ സഹപരിശീലകനായിരുന്ന അഭിഷേക് നായരാണ് കൊല്‍ക്കത്തയുടെ പുതിയ പരിശീലകനാകുന്നത്. സ്ഥാനമൊഴിഞ്ഞ പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റിന് പകരമാണ് അഭിഷേക് നായരെ കൊല്‍ക്കത്ത പുതിയ പരിശീലകനാക്കിയത്.

കഴിഞ്ഞ മൂന്ന് സീസണുകളിലും ചന്ദ്രകാന്ത് പണ്ഡിറ്റിന് കീഴിലായിരുന്നു കൊല്‍ക്കത്ത ഇറങ്ങിയത്. 2024ല്‍ ഗൗതം ഗംഭീര്‍ മെന്‍ററും ചന്ദ്രകാന്ത് പണ്ഡിറ്റ് മുഖ്യ പരിശീലകനും അഭിഷേക് നായര്‍ സഹപരിശീലകനുമായിരുന്നപ്പോഴാണ് കൊല്‍ക്കത്ത മൂന്നാം ഐപിഎല്‍ കീരിടം നേടിയത്. പിന്നീട് ഗംഭീര്‍ ഇന്ത്യൻ ടീം പരിശീലകനായി പോയപ്പോള്‍ അഭിഷേക് നായരും ഗംഭീറിന്‍റെ സഹപരിശീലകനായി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ കൈവിട്ടതിന് പിന്നാലെ അഭിഷേകിനെ ഇന്ത്യയുടെ സഹപരിശീലക സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. പകരം ഇന്ത്യയുടെ ബാറ്റിംഗ് കോച്ചായി സീതാന്‍ഷു കൊടകിനെ നിയമിയിച്ചു.

Scroll to load tweet…

ഇന്ത്യൻ താരങ്ങളായ രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ അജിങ്ക്യാ രഹാനെ എന്നിവരുടെയെല്ലാം വ്യക്തിഗത പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുള്ള അഭിഷേകിന് മലയാളി താരം സഞ്ജു സാംസണുമായും വ്യക്തിപരമായ അടുപ്പമുണ്ട്. അടുത്തിടെ ഇന്ത്യൻ മുന്‍ നായകന്‍ രോഹിത് ശര്‍മ ശരീരഭാരം കുറച്ചത് അഭിഷേകിന്‍റെ മേല്‍നോട്ടത്തിലായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി കൊല്‍ക്കത്തക്കൊപ്പം പരിശീലക സംഘത്തില്‍ അഭിഷേക് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗംഭീറിന് പകരം ഡ്വയിന്‍ ബ്രാവോ ആണ് ഇപ്പോള്‍ കൊല്‍ക്കത്തയുടെ മെന്‍റര്‍.

അഭിഷേക് നായര്‍ കൊല്‍ക്കത്തയുടെ മുഖ്യപരിശീലകനാവുന്നതോടെ അടുത്ത ഐപിഎല്‍ സീസണ് മുമ്പ് മലയാളി താരം സഞ്ജു സാംസണ്‍ കൊല്‍ക്കത്തയിലേക്ക് പോകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ താല്‍പര്യം അറിയിച്ച സഞ്ജുവിനെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രംഗത്തെത്തിയിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക