പേസര്‍മാര്‍ക്ക് മികച്ച ബൗണ്‍സ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പിച്ചില്‍ ഇന്ത്യ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നീ രണ്ട് പേസര്‍മാരുമായി മാത്രം ഇറങ്ങാനുള്ള സാധ്യത കുറവാണ്.
കൊല്‍ക്കത്ത: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് നാളെ കൊല്‍ക്കത്തയില്‍ തുടക്കമാകുമ്പോള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ സ്പിന്നര്‍മാരായി ആരൊക്കെ ഇടം നേടുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജ കളിക്കുമെന്ന് ഉറപ്പായിരിക്കെ ഇടം കൈയന്‍ സ്പിന്നര്‍മാരായ അക്സര്‍ പട്ടേലും കുല്‍ദീപ് യാദവും ഒരുമിച്ച് ടീമിലുണ്ടാവുമോ എന്നതും വലിയ ചോദ്യമാണ്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ച് ആദ്യ രണ്ട് ദിവസം പേസര്‍മാരെ തുണക്കുമെന്നാണ് വിലയിരുത്തല്‍.
പേസര്‍മാര്‍ക്ക് മികച്ച ബൗണ്‍സ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പിച്ചില്‍ ഇന്ത്യ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നീ രണ്ട് പേസര്‍മാരുമായി മാത്രം ഇറങ്ങാനുള്ള സാധ്യത കുറവാണ്. പേസ് ഓള്‍ റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിയെ ടീമില്‍ നിന്ന് റിലീസ് ചെയ്തിനാല്‍ മൂന്നാം പേസര്‍ എന്തായാലും ടീമിലുണ്ടാകുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ നാളെ തുടങ്ങുന്ന ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യൻ സഹപരിശീലകന്‍ കൂടിയായ അഭിഷേക് നായര്‍.
ഓപ്പണിംഗില്‍ യശസ്വി ജയ്സ്വാളിനെയും കെ എല്‍ രാഹുലും ഇറങ്ങുമ്പോള്‍ മൂന്നാം നമ്പറില്‍ സായ് സുദര്‍ശനാണ് അഭിഷേക് നായര്‍ അവസരം നല്‍കിയിരിക്കുന്നത്. ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ നാലാമനായും റിഷഭ് പന്ത് അഞ്ചാമനായും ക്രീസിലെത്തുമ്പോള്‍ ആറാം നമ്പറില്‍ രവീന്ദ്ര ജഡേജയെ ആണ് അഭിഷേക് നായര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഏഴാം നമ്പറില്‍ ധ്രൂവ് ജുറെലിനെയാണ് അഭിഷേക് തെരഞ്ഞെടുത്തത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും ദക്ഷിണാഫ്രിക്ക എക്കെതിരായ പരമ്പരയിലും സെഞ്ചുറി നേടിയ ജുറെലിനെ പുറത്തിരുത്താനാവില്ലെന്ന് അഭിഷേക് പറഞ്ഞു.
കൊല്‍ക്കത്തയിലെ പിച്ച് പേസര്‍മാരെ തുണക്കുമെന്നാണ് റിപ്പോര്‍ട്ടുകളെന്നതിനാല്‍ എട്ടാം നമ്പറില്‍ നിതീഷ് കുമാര്‍ റെഡ്ഡിയായിരുന്നു അനുയോജ്യനെന്നും അഭിഷേക് പറഞ്ഞു. എന്നാല്‍ നിതീഷിനെ ഇന്നലെ ഇന്ത്യൻ ടീമില്‍ നിന്ന് റിലീസ് ചെയ്തിരുന്നു. ഇതോടെ എട്ടാം നമ്പറില്‍ കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരിലൊരാള്‍ ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേസര്‍മാരായി ആകാശ് ദീപ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരെയാണ് അഭിഷേക് നായര്‍ പ്ലേയിംഗ് ഇലവനിലെടുത്തിരിക്കുന്നത്. ടെസ്റ്റ് പരമ്പര ഇന്ത്യ 1-0ന് ജയിക്കാനാണ് സാധ്യതയെന്നും അഭിഷേക് നായര്‍ പ്രവചിച്ചു. രണ്ടാം ടെസ്റ്റ് നടക്കുന്ന ഗുവാഹത്തിയില്‍ വെളിച്ചക്കുറവ് വലിയ പ്രശ്നമാകാനിടയുണ്ടെന്നും അതിനാല്‍ സമനിലക്കാണ് സാധ്യതയെന്നും അഭിഷേക് നായര്‍ പറഞ്ഞു.


