കഴിഞ്ഞ ആഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരായ മൂന്നാംടി20 മത്സരത്തിൽ 30 പന്തിൽ നിന്ന് സെഞ്ചുറിയും ആകെ 34 പന്തിൽ 108 റൺസും നേടി അഭിഷേക് റെക്കോർഡിട്ടിരുന്നു.

സാനോ (ജപ്പാൻ): അഫ്ഗാനിസ്ഥാനെതിരായ റെക്കോര്‍ഡ് സെഞ്ചുറിക്ക് പിന്നാലെ നാണക്കേടിന്‍റെ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ. ഇന്നലെ സാനോയിൽ നടന്ന ജപ്പാനെതിരായ ടി20 മത്സരത്തില്‍ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി ഗോൾഡൻ ഡക്ക് ആയതോടെ, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ താരം എന്ന റെക്കോർഡാണ് അഭിഷേകിന്‍റെ പേരിലായത്. ജപ്പാൻ ഓൾറൗണ്ടർ ചാർളി ഹാര-ഹിൻസെയുടെ പന്തിലാണ് അഭിഷേക് പുറത്തായത്.

ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു കലണ്ടർ വർഷത്തിൽ 10 തവണ ഡക്കാകുന്ന ആദ്യ കളിക്കാരനാണ് അഭിഷേക് ശര്‍മ. ഇതിനുമുൻപ് 2019-ൽ അഫ്ഗാനിസ്ഥാന്‍റെ റാഷിദ് ഖാനും 2024-ൽ പാകിസ്ഥാന്‍റെ ഷദാബ് ഖാനും ഒരു വർഷത്തിൽ 9 തവണ വീതം പൂജ്യത്തിന് പുറത്തായതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. എന്നാൽ ഒരു വർഷത്തിനിടെ 10 തവണ റണ്ണൊന്നുമെടുക്കാതെ മടങ്ങേണ്ടി വന്നതോടെ റാഷിദിനെയും ഷദാബിനെയും മറികടന്ന് അഭിഷേക് ഈ നാണക്കേടിന്‍റെ റെക്കോർഡിൽ ഒന്നാമനായി.

കഴിഞ്ഞ ആഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരായ മൂന്നാംടി20 മത്സരത്തിൽ 30 പന്തിൽ നിന്ന് സെഞ്ചുറിയും ആകെ 34 പന്തിൽ 108 റൺസും നേടി അഭിഷേക് റെക്കോർഡിട്ടിരുന്നു. ഇന്ത്യക്കാരന്‍റെ ഏറ്റവും വേഗമേറിയ ടി20 സെഞ്ചുറിയെന്ന രോഹിത് ശർമയുടെ റെക്കോർഡാണ് (35 പന്ത്) അന്ന് അഭിഷേക് തിരുത്തിയെഴുതിയത്. അന്താരാഷ്ട്ര ടി20 ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ സെഞ്ചുറിയായിരുന്നു അത്. അതിവേഗ സെഞ്ചുറികൾ നേടി മികച്ച ഫോമിൽ നിൽക്കുമ്പോഴും, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായെന്ന നാണക്കേട് ഈ അഭിഷേകിന് വലിയ തിരിച്ചടിയാണ്. ടി20 ലോകകപ്പിലടക്കം മോശം ഫോമിലായിരുന്ന അഭിഷേക് അഫ്ഗാനിസ്ഥാനെതിരെ ആണ് ഫോമിലേക്ക് മടങ്ങിയെത്തിയത്. മഴമൂലം 5 ഓവര്‍ വീതമാക്കി വെട്ടിക്കുറച്ച മത്സരത്തില്‍ ജപ്പാനെതിരെ 2 റണ്‍സിന്‍റെ നേരിയ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക