ഇന്ത്യക്കായി 27 മത്സരങ്ങളിലെ 26 ഇന്നിംഗ്സുകളില്‍ നിന്ന് അഭിഷേക് 36.96 ശരാശരിയിലും 192.20 സ്ട്രൈക്ക് റേറ്റിലുമായി ഇതുവരെ 961 റണ്‍സടിച്ചിട്ടുണ്ട്. 

മെല്‍ബണ്‍: ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ പ്രകടനത്തെ വാഴ്ത്തി ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ജേസണ്‍ ഗില്ലെസ്പി. അഭിഷേക് ശരിക്കുമൊരു റണ്‍മെഷീനാണെന്നും ആദ്യ പന്ത് മുതല്‍ ആക്രമിച്ചു കളിക്കുന്ന അഭിഷേക് ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ സുപ്രധാന ബാറ്ററാണെന്നും ഗില്ലെസ്പി പറഞ്ഞു. ഇന്ത്യയുടെ ആക്രമണോത്സുക ശൈലിക്ക് കാരണം തന്നെ അഭിഷേകാണെന്നും ഗില്ലെസ്പി വ്യക്തമാക്കി.

ഇന്ത്യക്കായി 27 മത്സരങ്ങളിലെ 26 ഇന്നിംഗ്സുകളില്‍ നിന്ന് അഭിഷേക് 36.96 ശരാശരിയിലും 192.20 സ്ട്രൈക്ക് റേറ്റിലുമായി ഇതുവരെ 961 റണ്‍സടിച്ചിട്ടുണ്ട്. രണ്ട് സെഞ്ചുറികളും ആറ് അര്‍ധസെഞ്ചുറികളും നേടിയിട്ടുള്ള അഭിഷേകിന്‍റെ ഉയര്‍ന്ന സ്കോര്‍ 54 പന്തില്‍ 135 റണ്‍സടിച്ചതാണ്. ആദ്യ പന്ത് മുതല്‍ ആക്രമിച്ചു കളിക്കുന്ന അഭിഷേകിന്‍റെ ശൈലി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുമെന്നും ഗില്ലെസ്പി പറഞ്ഞു.

അവന്‍ ക്രീസിലിറങ്ങുന്നു, ആദ്യ പന്ത് മുതല്‍ അടി തുടങ്ങുന്നു. അത് എതിരാളികളെ ബാക്ക് ഫൂട്ടിലാക്കുന്നു. അവനൊരു റണ്‍മെഷീനാണെന്നും ഫാസ്റ്റ് ബൗളിംഗ് കാര്‍ട്ടര്‍ യുട്യൂബ് ചാനലില്‍ ഗില്ലെസ്പി പറഞ്ഞു. ഒരു പന്തില്‍ കുറഞ്ഞത് രണ്ട് റണ്‍സ് വീതമാണ് അഭിഷേക് സ്കോര്‍ ചെയ്യുന്നതെന്ന് മുന്‍ ഓസീസ് പേസര്‍ ഡാമിയന്‍ ഫ്ലെമിംഗ് പറഞ്ഞു. അവന്‍ റണ്‍സെടുക്കുന്നതെല്ലാം വ്യത്യസ്ത ആംഗളുകളിലാണ്. ഞാനവന്‍റെ റെക്കോര്‍ഡുകളൊക്കെ നോക്കി. അവന്‍ അപൂര്‍വമായി മാത്രമെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടുള്ളൂ. അതുപോലെ ആഭ്യന്തര ക്രിക്കറ്റില്‍ അവനധികം ഏകദിന മത്സരങ്ങളിലും കളിച്ചിട്ടില്ല.ഇന്ത്യക്കായും ഇതുവരെ ഏകദിനങ്ങളില്‍ കളിച്ചിട്ടില്ല. എന്നാല്‍ ടി20യിലെത്തുമ്പോള്‍ അവന്‍ ഇന്ത്യയുടെ പ്രധാന ബാറ്ററാകുന്നു. ഐപിഎല്ലില്‍ മാത്രം കളിച്ച് ഒരു ഫോര്‍മാറ്റില്‍ മാത്രം മികവ് കാട്ടുന്ന ബാറ്ററാണ് നിലവില്‍ അഭിഷേക് ഇപ്പോഴെന്നും ഫ്ലെമിംഗ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക