വെസ്റ്റ് ഇൻഡീസിനെതിരായ ടി20 മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗിലൂടെ അഭിഷേക് ശർമ പുതിയ ലോകറെക്കോർഡ് സ്വന്തമാക്കി. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് സൂര്യകുമാർ യാദവിനെ മറികടന്ന് അഭിഷേക് നേടിയത്.
ഇന്‍ഡോര്‍: ടി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപ്പണര്‍മാരില്‍ ഒരാളായ അഭിഷേക് ശര്‍മ തന്റെ ബാറ്റിംഗില്‍ പുതിയൊരു തലം കൂടി കൂട്ടിച്ചേര്‍ക്കുകയാണെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെയാണ് മുന്‍ ഇന്ത്യന്‍ താരത്തിന്റെ പ്രശംസ. അഗ്രസീവ് ബാറ്റിംഗിനൊപ്പം സാഹചര്യങ്ങള്‍ മനസിലാക്കി ബുദ്ധിപൂര്‍വ്വം ഇന്നിംഗ്‌സ് വളര്‍ത്താനുള്ള അഭിഷേകിന്റെ കഴിവ് താരത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നുവെന്ന് കാര്‍ത്തിക് ചൂണ്ടിക്കാട്ടി.
ഏതൊരു ബോളിംഗ് നിരയ്ക്കെതിരെയും ആക്രമിച്ചു കളിക്കാനും വലിയ മത്സരങ്ങളില്‍ തിളങ്ങാനും അഭിഷേകിന് സാധിക്കുന്നുണ്ട്. അതിവേഗത്തില്‍ റണ്‍സ് നേടുമ്പോഴും സ്ഥിരത നിലനിര്‍ത്താന്‍ കഴിയുന്നതാണ് താരത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വെറും 30 പന്തുകളില്‍ നിന്ന് 6 ഫോറുകളും 5 സിക്‌സറുകളും അടക്കം 69 റണ്‍സാണ് അഭിഷേക് അടിച്ചുകൂട്ടിയത്. കേവലം 18 പന്തുകളിലാണ് താരം അര്‍ദ്ധസെഞ്ചുറി തികച്ചത്.
ഈ ഇന്നിംഗ്‌സോടെ നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും വേഗത്തില്‍ 2,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന ലോകറെക്കോര്‍ഡ് അഭിഷേക് സ്വന്തമാക്കി. 1,024 പന്തുകളില്‍ നിന്നാണ് അഭിഷേക് ഈ നേട്ടത്തിലെത്തിയത്. സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡാണ് താരം തകര്‍ത്തത്. ഇഷാന്‍ കിഷനുമൊത്ത് (18 പന്തില്‍ 37) ഒന്നാം വിക്കറ്റില്‍ 108 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ അഭിഷേകിന് സാധിച്ചു. ഇന്ത്യ ഉയര്‍ത്തിയ 223 റണ്‍സ് പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിനെ 14 റണ്‍സിന് തോല്‍പ്പിച്ച് അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി.
യുവരാജിന്റെ ഉപദേശവും പക്വതയും
വിന്‍ഡീസ് സ്പിന്നര്‍ റോസ്റ്റണ്‍ ചേസിനെതിരെ ആദ്യ രണ്ടു പന്തുകള്‍ നോക്കി കളിച്ച് പിച്ച് മനസ്സിലാക്കിയ ശേഷം ആക്രമണത്തിലേക്ക് കടന്ന അഭിഷേകിന്റെ ശൈലി താരത്തിന്റെ പക്വതയ്ക്ക് തെളിവാണെന്ന് കാര്‍ത്തിക് പറഞ്ഞു. അഭിഷേകിന്റെ മെന്ററായ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിന്റെ ഉപദേശങ്ങളും ഇതിന് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു.

