172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ ഇന്ത്യക്കായി ഷഹീന്‍ അഫ്രീദി എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയാണ് അഭിഷേക് ശര്‍മ തുടങ്ങിയത്.

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 70 റണ്‍സെടുത്തിട്ടുണ്ട്. 18 പന്തില്‍ 33 റണ്‍സുമായി അഭിഷേക് ശര്‍മയും 18 പന്തില്‍ 35 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും ക്രീസില്‍.

തകര്‍ത്തടിച്ച് തുടക്കം

172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ ഇന്ത്യക്കായി ഷഹീന്‍ അഫ്രീദി എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയാണ് അഭിഷേക് ശര്‍മ തുടങ്ങിയത്. ആദ്യ ഓവറില്‍ ഒമ്പത് റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. സയ്യിം അയൂബ് എറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് ബൗണ്ടറി അടക്കം 10 റണ്‍സടിച്ച് ശുഭ്മാന്‍ ഗില്ലും തുടക്കം ഗംഭീരമാക്കി. ഷഹീന്‍ അഫ്രീദി എറിഞ്ഞ മൂന്നാം ഓവറിലും രണ്ട് ബൗണ്ടറി അടക്കം 12 റണ്‍സ് നേടിയ ഗില്ലാണ് പവര്‍ പ്ലേയില്‍ കൂടുതല്‍ ആക്രമിച്ചത്. അബ്രാര് അഹമ്മദ് എറിഞ്ഞ നാലാം ഓവറില്‍ ബൗണ്ടറിയും സിക്സും അടക്കം 15 റണ്‍സടിച്ച അഭിഷേകും ടോപ് ഗിയറിലായതോടെ ഇന്ത്യ നാലോവറില്‍ 43 റണ്‍സിലെത്തി. ഹാരിസ് റൗഫ് എറിഞ്ഞ അഞ്ചാം ഓവറില്‍ രണ്ട് ബൗണ്ടറി അടക്കം 12 റണ്‍സടിച്ച ഗില്ലും അഭിഷേകും ചേര്‍ന്ന് ഇന്ത്യയെ അഞ്ചാം ഓവറില്‍ 55 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിഞ്ഞ സയ്യിം അയൂബിനെതിരെ മൂന്ന് ബൗണ്ടറിയടക്കം 14 റണ്‍സടിച്ച അഭിഷേകും ഗില്ലും ചേര്‍ന്ന് ഇന്ത്യയെ 69 റണ്‍സിലെത്തിച്ചു.

Scroll to load tweet…

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാന്‍റെ അര്‍ധസെഞ്ചുറി മികവിലാണ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തത്. 45 പന്തില്‍ 58 റണ്‍സെടുത്ത ഫര്‍ഹാനാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. സയ്യിം അയൂബ് 17 പന്തില്‍ 21 റണ്‍സെടുത്തപ്പോള്‍ ഫഹീം അഷ്റഫ് 8 പന്തില്‍ 20 റണ്‍സുമായും ക്യപ്റ്റൻ സല്‍മാൻ ആഘ 13 പന്തില്‍ 17 റണ്‍സോടെയും പുറത്താകാതെ നിന്നു. ഹാര്‍ദ്ദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ അവസാന പന്ത് സിക്സിന് പറത്തിയ ഫഹീം അഷ്റഫാണ് പാകിസ്ഥാനെ 170 കടത്തിയത്. ഇന്ത്യക്ക് വേണ്ടി ശിവം ദുബെ രണ്ട് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപും ഹാര്‍ദ്ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നാലോവര്‍ എറിഞ്ഞ ബുമ്ര 45 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക