ഐപിഎല്‍ 2024ല്‍ ഏഴ് മത്സരങ്ങളില്‍ 157.05 പ്രഹര ശേഷിയില്‍ രണ്ട് അര്‍ധസെഞ്ചുറികളോടെ ദുബെ 245 റണ്‍സ് നേടിക്കഴിഞ്ഞു

മുംബൈ: ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനെ കുറിച്ച് ചര്‍ച്ചകള്‍ മുറുകുകയാണ്. ആരൊക്കെ പതിനഞ്ചംഗ ടീമിലെത്തും എന്ന ചര്‍ച്ച മുന്‍ താരങ്ങളിലും ക്രിക്കറ്റ് വിദഗ്ധരിലും ആരാധകരിലും സജീവം. ഇതില്‍ ഏറ്റവും കൂടുതല്‍ സാധ്യത പറഞ്ഞുകേള്‍ക്കുന്ന താരങ്ങളിലൊരാള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓള്‍റൗണ്ടര്‍ ശിവം ദുബെയാണ്. ദുബെ ഉറപ്പായും ലോകകപ്പ് കളിക്കുമെന്ന് പറയുന്ന ഓസീസ് ഇതിഹാസം ആദം ഗില്‍ ക്രിസ്റ്റ്, സിഎസ്‌കെ താരം ലോകകപ്പില്‍ ഇന്ത്യയുടെ കറുത്ത കുതിരയാകും എന്നും വ്യക്തമാക്കി. 

'ശിവം ദുബെ ഗംഭീര പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. സ്പിന്‍ ബൗളിംഗിനെ ദുബെ നേരിടുന്നത് നമ്മള്‍ ഏറെക്കാലമായി കാണുകയാണ്. എന്നാല്‍ താരം പേസര്‍മാരെയും ആക്രമിക്കുന്നു. ഗ്രൗണ്ടിന്‍റെ നാലുപാടും ഷോട്ടുകള്‍ പായിക്കാനുള്ള ആത്മവിശ്വാസം താരം കാണിക്കുന്നുണ്ട്. ശിവം ദുബെ നെറ്റ്‌സില്‍ ധാരാളം പന്തെറിയുന്നുണ്ട്. വരും മത്സരങ്ങളില്‍ ദുബെ കൂടുതല്‍ ഓവറുകള്‍ എറിയുന്നത് കാണാനാകുമെന്ന് കരുതുന്നു. ട്വന്‍റി 20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ കറുത്ത കുതിര ദുബെയായിരിക്കും. ഐപിഎല്ലില്‍ കാണിക്കുന്ന ഫോമും സ്ഥിരതയും വച്ച് ലോകകപ്പ് ടീമില്‍ അദേഹം സ്ഥാനം അര്‍ഹിക്കുന്നുണ്ട്' എന്നും ഗില്ലി വ്യക്തമാക്കി. 

ഐപിഎല്‍ 2024ല്‍ ഏഴ് മത്സരങ്ങളില്‍ 157.05 പ്രഹര ശേഷിയില്‍ രണ്ട് അര്‍ധസെഞ്ചുറികളോടെ ദുബെ 245 റണ്‍സ് നേടിക്കഴിഞ്ഞു. പുറത്താവാതെ നേടിയ 66* ആണ് ഉയര്‍ന്ന സ്കോറെങ്കില്‍ ബാറ്റിംഗ് ശരാശരി 49.00 ആണ്. 20 ഫോറും 15 സിക്‌സറും ദുബെ ഇതിനകം പറത്തി. ഐപിഎല്‍ കരിയറില്‍ 58 മത്സരങ്ങളില്‍ 144.34 സ്ട്രൈക്ക്‌റേറ്റിലും 30.70 ശരാശരിയിലും 1351 റണ്‍സ് ദുബെയ്‌ക്കുണ്ട്. എട്ട് ഫിഫ്റ്റികള്‍ നേടിയപ്പോള്‍ 95* ആണ് ഉയര്‍ന്ന സ്കോര്‍. ഈ സീസണില്‍ ഇതുവരെ താരം പന്തെറിഞ്ഞിട്ടില്ല.

Read more: ഐപിഎല്ലില്‍ ഇന്നും അടിപൂരം; സാള്‍ട്ട് തിരികൊളുത്തി, ശ്രേയസിന് 50, ആര്‍സിബിക്കെതിരെ 222 അടിച്ച് കെകെആര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം