ഇന്നിംഗ്‌സിലെ നാലാം ഓവറില്‍ ലോക്കീ ഫെര്‍ഗ്യൂസനിനെ രണ്ട് സിക്‌സറും നാല് ഫോറിനും പറത്തി 28 റണ്‍സുമായി സാള്‍ട്ട് ടോപ് ഗിയറിലായിരുന്നു

കൊല്‍ക്കത്ത: ഐപിഎല്‍ 2024 സീസണിലെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചല‌ഞ്ചേഴ്‌സ് ബെംഗളൂരുവിന് 223 റണ്‍സ് വിജയലക്ഷ്യം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കെകെആര്‍ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റിന് 222 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. 9 പന്തില്‍ പുറത്താവാതെ 24* റണ്‍സെടുത്ത രമണ്‍ദീപ് സിംഗിന്‍റെ ഫിനിഷിംഗ് കെകെആറിന് നിര്‍ണായകമായി.

പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങിയെത്തിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പേസര്‍ മുഹമ്മദ് സിറാജിനെ ഇന്നിംഗ്‌സിലെ ആദ്യ ഓവറില്‍ സിക്‌സിനും ഫോറിനും പറത്തിയാണ് കെകെആര്‍ ഓപ്പണര്‍ ഫില്‍പ് സാള്‍ട്ട് തുടങ്ങിയത്. നാലാം ഓവറില്‍ ലോക്കീ ഫെര്‍ഗ്യൂസനിനെ രണ്ട് സിക്‌സറും നാല് ഫോറിനും പറത്തി 28 റണ്‍സുമായി സാള്‍ട്ട് ടോപ് ഗിയറിലായി. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ഫിലിപ് സാള്‍ട്ടിനെ (14 പന്തില്‍ 48) മടക്കി സിറാജ് ബ്രേക്ക് ത്രൂ നേടി. തൊട്ടടുത്ത യഷ് ദയാലിന്‍റെ ഓവറില്‍ മറ്റൊരു ഓപ്പണര്‍ സുനില്‍ നരെയ്‌നും (15 പന്തില്‍ 10), ആന്‍ഗ്രിഷ് രഘുവന്‍ഷിയും (4 പന്തില്‍ 3) മടങ്ങി. കാമറൂണ്‍ ഗ്രീനിന്‍റെ തകര്‍പ്പന്‍ ക്യാച്ചിലായിരുന്നു രഘുവന്‍ഷിയുടെ മടക്കം. ഇതോടെ പവര്‍പ്ലേയില്‍ കെകെആറിന്‍റെ സ്കോര്‍ 75-3. 

വെങ്കടേഷ് അയ്യര്‍ (8 പന്തില്‍ 16), റിങ്കു സിംഗ് (16 പന്തില്‍ 24) എന്നിവര്‍ നന്നായി തുടങ്ങിയെങ്കിലും അധികം നീണ്ടില്ല. വെങ്കടേഷിനെ കാമറൂണ്‍ ഗ്രീനും റിങ്കുവിനെ ലോക്കീ ഫെര്‍ഗ്യൂസനും പുറത്താക്കി. എങ്കിലും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ആന്ദ്രേ റസലും ക്രീസില്‍ നില്‍ക്കേ കെകെആര്‍ 15 ഓവറില്‍ 149-5 എന്ന സ്കോറിലെത്തി. ഒരുവശത്ത് കാലുറപ്പിച്ച കെകെആര്‍ നായകന്‍ ശ്രേയസ് അയ്യര്‍ ഫിഫ്റ്റി നേടിയ ശേഷം തൊട്ടടുത്ത ഗ്രീനിന്‍റെ 18-ാം ഓവറില്‍ ഫാഫിന്‍റെ പറക്കുംക്യാച്ചില്‍ മടങ്ങി. 36 പന്തില്‍ 50 റണ്‍സാണ് അയ്യര്‍ നേടിയത്. 19-ാം ഓവറില്‍ സിറാജിനെ 6, 6, 6 പറത്തി രമണ്‍ദീപ് സിംഗ് കൊല്‍ക്കത്തയെ 200 കടത്തി. 20 ഓവറും പൂര്‍ത്തിയാകുമ്പോള്‍ ആന്ദ്രേ റസലും (20 പന്തില്‍ 27*), രമണ്‍ദീപ് സിംഗും (9 പന്തില്‍ 24*) പുറത്താവാതെ നിന്നു.

Read more: മൂന്ന് വിക്കറ്റ് വീണിട്ടും പവര്‍പ്ലേ പവര്‍; മുംബൈ ഇന്ത്യന്‍സിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് കെകെആര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം