പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ലേലത്തില്‍ നിന്ന് പ്രമുഖ അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍ കൂട്ടത്തോടെ പിന്മാറി. 

കറാച്ചി: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പതിനൊന്നാം പതിപ്പിന് മുന്നോടിയായി ലാഹോറില്‍ നടന്ന ആദ്യ കളിക്കാരുടെ ലേലത്തില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍ കൂട്ടത്തോടെ പിന്മാറി. മുജീബ് ഉര്‍ റഹ്മാന്‍, സിദ്ദിഖുല്ല അടല്‍, മുഹമ്മദ് നബി, വഖാര്‍ സലാംഖൈല്‍, ഫസല്‍ ഹഖ് ഫാറൂഖി തുടങ്ങിയ പ്രമുഖ താരങ്ങള്‍ ലേലത്തിനായി ആദ്യം പേര് രജിസ്റ്റര്‍ ചെയ്തിരുന്നതായി ഫ്രാഞ്ചൈസി ഉടമകള്‍ സ്ഥിരീകരിച്ചു. അഫ്ഗാന്‍ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിനെ പെഷവാര്‍ സല്‍മി നേരിട്ട് ടീമിലെടുത്തതിനെച്ചൊല്ലി ഉണ്ടായ കടുത്ത പ്രതിഷേധങ്ങളാണ് താരങ്ങളുടെ ഈ പിന്മാറ്റത്തിന് പിന്നിലെന്നാണ് സൂചന.

എന്നാല്‍, കുറച്ച് അഫ്ഗാന്‍ താരങ്ങള്‍ ലേലപ്പട്ടികയില്‍ ഉണ്ടായിരുന്നുവെന്നും പക്ഷേ ഒരു ഫ്രാഞ്ചൈസിയും അവരെ തിരഞ്ഞെടുത്തില്ലെന്നുമാണ് പിഎസ്എല്‍ സിഇഒ സല്‍മാന്‍ നസീര്‍ വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ലേലത്തെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. ''ഗുര്‍ബാസിനെ സല്‍മി ടീമിലെടുത്തതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തിലായിരുന്നു ഇത്. തുടര്‍ന്ന് ഗുര്‍ബാസ് ലീഗില്‍ നിന്ന് പിന്മാറി. ഇതിന് പിന്നാലെ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഒഴിവാക്കാനായി മറ്റ് താരങ്ങളും പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു.'' സല്‍മാന്‍ നസീര്‍ പറഞ്ഞു.

പശ്ചാത്തലം

കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം അതീവ വഷളായിരിക്കുകയാണ്. തീവ്രവാദികളെ ലക്ഷ്യം വെച്ചെന്ന പേരില്‍ പാക് സൈന്യം അഫ്ഗാനിസ്ഥാനിലെ ചില മേഖലകളില്‍ വ്യോമാക്രമണം നടത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഇതേത്തുടര്‍ന്ന് നിരവധി അഫ്ഗാന്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നു. ഇതിന് മറുപടിയുമായി പാകിസ്ഥാന്‍ ആരാധകരും എത്തിയതോടെ സോഷ്യല്‍ മീഡിയയിലും വലിയ പോരാട്ടം നടന്നിരുന്നു. ഈ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇപ്പോള്‍ ക്രിക്കറ്റ് മൈതാനത്തെയും ബാധിച്ചിരിക്കുന്നത്.

YouTube video player