2023 ഡിസംബറിൽ നടന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ഇരുവരും തമ്മിൽ മൈതാനത്ത് വെച്ച് വലിയ തർക്കമുണ്ടായിരുന്നു.
ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ പിടിച്ചുലയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. നിലവിലെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനും മുൻ സഹതാരവുമായ ഗൗതം ഗംഭീർ തനിക്കെതിരെ അശ്ലീല പദപ്രയോഗങ്ങൾ നടത്തിയെന്നും 'ഒത്തുകളിക്കാരൻ എന്നും 'രാജ്യദ്രോഹി' എന്നും വിളിച്ച് ആക്ഷേപിച്ചുവെന്നും ശ്രീശാന്ത് വെളിപ്പെടുത്തി. 2023 ഡിസംബറിൽ നടന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ഇരുവരും തമ്മിൽ മൈതാനത്ത് വെച്ച് വലിയ തർക്കമുണ്ടായിരുന്നു. അന്ന് ഗംഭീർ തന്നോട് മോശമായി പെരുമാറിയെന്ന് ശ്രീശാന്ത് പറഞ്ഞിരുന്നെങ്കിലും, വിശദാംശങ്ങള്‍ ഇപ്പോൾ മാത്രമാണ് ശ്രീശാന്ത് വ്യക്തമാക്കുന്നത്.
ഒരു ബൗൺസറിൽ തുടങ്ങിയ തർക്കം
മത്സരത്തിനിടെ താൻ എറിഞ്ഞ ഒരു ബൗൺസറാണ് ഗംഭീറിനെ പ്രകോപിപ്പിച്ചതെന്ന് ശ്രീശാന്ത് പറയുന്നു. മത്സരത്തിൽ ഗംഭീർ ആദ്യ പന്തിൽ തന്നെ ക്രീസിന് പുറത്തേക്ക് ഇറങ്ങി ഫ്ലിക്ക് ഷോട്ട് കളിച്ചു. അദ്ദേഹത്തിന് എന്‍റെ ഗെയിം നന്നായി അറിയാം, മികച്ചൊരു ക്രിക്കറ്ററാണ് അദ്ദേഹം. എന്നാൽ തൊട്ടടുത്ത പന്തിൽ ഞാൻ അദ്ദേഹത്തിന് നേരെ ഒരു ബൗൺസർ എറിഞ്ഞു. ഇതോടെ അദ്ദേഹം പ്രകോപിതനായി. ബൗൺസറിന് ശേഷം അദ്ദേഹം എന്നോട് പറഞ്ഞത് 'ഞാൻ നിന്നെ വിലയ്‌ക്കെടുത്തതാണ്' എന്നാണ്. അത് വ്യക്തമായിരുന്നു, അദ്ദേഹം എന്നെ ചീത്തവിളിക്കുകയായിരുന്നു. പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. എന്നെ 'ഫിക്സർ' എന്ന് വിളിച്ചു. ഞാൻ മുന്നോട്ട് വന്ന് 'ഗൗതി ഭായ്, നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ?' എന്ന് ചോദിച്ചു. ഞാൻ അൽപം ശരീരവലിപ്പമുള്ള ആളായതുകൊണ്ട് ഞാൻ അദ്ദേഹത്തെ അടിക്കാൻ ചെല്ലുകയാണെന്ന് തോന്നിയിരിക്കാം. അപ്പോഴാണ് അദ്ദേഹം എഫ്-വേർഡ് ഉപയോഗിച്ച് ചീത്തവിളിക്കാൻ തുടങ്ങിയത്. പിന്നീട് വീണ്ടും 'ഫിക്സർ' എന്നും രാജ്യദ്രോഹി എന്നും ആവർത്തിച്ചുവെന്നും ശ്രീശാന്ത് പറഞ്ഞു.
2007-ലെ ടി20 ലോകകപ്പും 2011-ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമുകളിൽ ഒന്നിച്ച് കളിച്ചവരും നിർണായക പങ്കുവഹിച്ചവരുമാണ് ഗൗതം ഗംഭീറും ശ്രീശാന്തും. എന്നാൽ കളിജീവിതത്തിന് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം പൂർണ്ണമായും വഷളാകുകയായിരുന്നു. 2013-ലെ ഐപിഎൽ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയ വിലക്കിനെ മുൻനിർത്തിയായിരുന്നു മൈതാനത്ത് ഗംഭീറിന്‍റെ പ്രകോപനം. ശ്രീശാന്തിന് ആദ്യം ആജീവനാന്ത വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് സുപ്രീം കോടതി ഇടപെടലിലൂടെ ബിസിസിഐ ഇത് ഏഴ് വർഷമായി കുറച്ചിരുന്നു.
'ഇന്ത്യക്ക് ഗംഭീറിനെപ്പോലൊരു കോച്ചിനെ ആവശ്യമില്ല'
തർക്കത്തിന്‍റെ വെളിപ്പെടുത്തലിനൊപ്പം ഗൗതം ഗംഭീറിന്‍റെ പരിശീലന ശൈലിക്കെതിരെയും ശ്രീശാന്ത് കടുത്ത വിമർശനം ഉന്നയിച്ചു. സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഇന്ത്യ നേരിട്ട തോൽവികൾ ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനം. ഗംഭീർ കളിക്കാരുടെ മേൽ അമിത സമ്മർദ്ദം ചെലുത്തുന്നുവെന്നും, പരാജയപ്പെടുമ്പോൾ താരങ്ങളെ ഭയപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുന്ന രീതിയാണ് അദ്ദേഹത്തിന്‍റേതെന്നും ശ്രീശാന്ത് ആരോപിച്ചു. ഇന്ത്യക്ക് ഇപ്പോൾ ആവശ്യം കണിശക്കാരനായ ഒരു കോച്ചിനെയല്ല, മറിച്ച് എം എസ് ധോണിയെപ്പോലെയൊരു മെന്‍ററെ ആണ്. ഇന്ത്യൻ ടീം ഈയിടെ നേടിയ വിജയങ്ങളുടെ മുഴുവൻ ക്രെഡിറ്റും ഗംഭീറിന് നൽകുന്നതിനെയും ശ്രീശാന്ത് ചോദ്യം ചെയ്തു. സഞ്ജു സാംസണും സൂര്യകുമാർ യാദവും ഉൾപ്പെടെയുള്ള കളിക്കാർ മൈതാനത്ത് എടുത്ത ശരിയായ തീരുമാനങ്ങളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
