കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗ് ഇത്തവണ നടക്കില്ലെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. സ്‌പോണ്‍സര്‍മാരുമായുള്ള കരാര്‍ വ്യവസ്ഥകള്‍ തെറ്റിയത് കാരണം സീസണില്‍ ടൂര്‍ണമെന്റ് നടത്തേണ്ടെന്ന് എസിബി തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിന് മുടക്കം വരാതെ അടുത്ത വര്‍ഷം നടത്തുമെന്നും ബോര്‍ഡ് അറിയിച്ചു. 

ടൂര്‍ണമെന്റിന്റെ പരസ്യ പങ്കാളിത്തം സ്‌നിക്‌സര്‍ സ്‌പോര്‍ട്‌സിനായിരുന്നു. അഫ്ഗാന്‍ ക്രിക്കറ്റ് ആരോപിക്കുന്നത് ആ സീസണില്‍ നല്‍കേണ്ട തുക സ്‌നിക്‌സര്‍ നല്‍കിയില്ലെന്നാണ്. അടുത്ത വര്‍ഷം ലീഗ് നടത്തിപ്പിനായി പുതിയ ടെണ്ടറുകള്‍ വിളിക്കുമെന്നും ബോര്‍ഡ് അറിയിച്ചു. 

എന്നാല്‍ ഇത് മാത്രമല്ല കാരണമെന്നും വാര്‍ത്തയുണ്ട്. കഴിഞ്ഞ സീസണിലുണ്ടായ അഴിമതി ആരോപണങ്ങളാണ് മറ്റൊരു കാരണം. ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ ചെയര്‍മാന്‍ ആതിഫ് മഷാല്‍, ഇപ്പോഴത്തെ സിഇഒ ഷഫീക്കുള്ള സ്റ്റാനെക്‌സായി എന്നിവര്‍ അന്വേഷണ സംഘത്തോട് സഹകരിക്കേണ്ടതായിവരും.