കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി കേരളത്തിലെയും രാജ്യത്തെയും ക്രിക്കറ്റ് ഭരണരംഗത്ത് സജീവ സാന്നിധ്യമാണ് ആർ. കാർത്തിക് വർമ്മ.
തിരുവനന്തപുരം: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടി20 പരമ്പരയ്ക്കുള്ള സീനിയർ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ മാനേജരായി മലയാളിയായ ആർ. കാർത്തിക് വർമ്മയെ ബിസിസിഐ നിയമിച്ചു. ഈ മാസം 13 മുതൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലാണ് കാർത്തിക് വർമ്മ ടീം മാനേജരായി ചുമതലയേൽക്കുക. ഇന്ത്യൻ സീനിയര്‍ ടീമിന്‍റെ മാനേജരായി ഒരു കേരളീയൻ തിരഞ്ഞെടുക്കപ്പെടുന്നത് സംസ്ഥാനത്തെ കായിക ചരിത്രത്തിലെ അഭിമാനകരമായ നിമിഷമാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി കേരളത്തിലെയും രാജ്യത്തെയും ക്രിക്കറ്റ് ഭരണരംഗത്ത് സജീവ സാന്നിധ്യമാണ് ആർ. കാർത്തിക് വർമ്മ. 2005 മുതൽ കേരള ക്രിക്കറ്റിന്‍റെ വളർച്ചയ്ക്കൊപ്പം സഞ്ചരിക്കുന്ന അദ്ദേഹം, എറണാകുളം ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്റെയും കേരള ക്രിക്കറ്റ് അസോസിയേഷന്‍റെയും (കെ.സി.എ) ചുമതലകൾ വഹിച്ചിട്ടുണ്ട്. കെ.സി.എ ഫിനാൻസ് കമ്മിറ്റി ചെയർമാൻ, അന്താരാഷ്ട്ര മത്സരങ്ങളുടെ ജനറൽ കൺവീനർ തുടങ്ങിയ പദവികളിൽ കാര്‍ത്തിക് വര്‍മ കാഴ്ചവെച്ച മികവാണ് ദേശീയതലത്തിലെ ഈ വലിയ അംഗീകാരത്തിന് അടിത്തറ പാകിയത്.
നിലവിൽ എറണാകുളം ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍റെ ഓണററി സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു വരികയാണ്. ഭാര്യ അഞ്ജന വർമ്മ ബി.വി.എം ഗിരിനഗറിൽ അധ്യാപികയാണ്. മകൾ രേഷ്മ കാർത്തിക് കൊച്ചിയിലെ ബി.ഇ.ഒയിൽ എച്ച്.ആർ വിഭാഗത്തിൽ സേവനം അനുഷ്ഠിക്കുന്നു.
