ബര്‍മിംഗ്ഹാം ടെസ്റ്റിലെ തോല്‍വിയെ തുടര്‍ന്നാണ് അറ്റ്കിന്‍സണെ ഇംഗ്ലണ്ട് ടീമിലെടുത്തത്. പേസര്‍മാരായി ബ്രെയ്ഡൺ കാര്‍സിനെയും ക്രിസ് വോക്സിനെയുമാണ് മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ട് നിലനിര്‍ത്തിയിരിക്കുന്നത്.

ലണ്ടന്‍: ഇന്ത്യക്കെതിരെ നാളെ ലോര്‍ഡ്സില്‍ തുടങ്ങുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. നാലു വര്‍ഷത്തെ നീണ്ട ഇടവേളക്കുശേഷം പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം. 2019ലെ ആഷസ് പരമ്പരയില്‍ അരങ്ങേറിയ ആര്‍ച്ചര്‍ 2021ല്‍ ഇന്ത്യക്കെതിരെ അഹമ്മദാബാദ് ടെസ്റ്റിലാണ് അവസാനമായി ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി കളിച്ചത്. പിന്നിട് തുടര്‍ച്ചയായ പരിക്കുകളില്‍ വലഞ്ഞ ആര്‍ച്ചര്‍ ശസ്ത്രക്രിയക്കും വിധേയനായിരുന്നു.

ഇതുവരെ കളിച്ച 13 ടെസ്റ്റില്‍ നിന്ന് 42 വിക്കറ്റാണ് ആര്‍ച്ചറുടെ നേട്ടം. ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് 11 വിക്കറ്റ് വീഴ്ത്തിയ പേസര്‍ ജോഷ് ടങിന് പകരമാണ് ആര്‍ച്ചറെ ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ആദ്യ രണ്ട് ടെസ്റ്റിലും കാര്യമായി തിളങ്ങാനായില്ലെങ്കിലും സ്പിന്നര്‍ ഷോയ്ബ് ബഷീര്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പ്ലേയിംഗ് ഇലവനില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഗുസ് അറ്റ്കിന്‍സണെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ബര്‍മിംഗ്ഹാം ടെസ്റ്റിലെ തോല്‍വിയെ തുടര്‍ന്നാണ് അറ്റ്കിന്‍സണെ ഇംഗ്ലണ്ട് ടീമിലെടുത്തത്. പേസര്‍മാരായി ബ്രെയ്ഡൺ കാര്‍സിനെയും ക്രിസ് വോക്സിനെയുമാണ് മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ട് നിലനിര്‍ത്തിയിരിക്കുന്നത്. ഓപ്പണര്‍ ജേക്കബ് ബേഥലിന് അവസരം നല്‍കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആദ്യ രണ്ട് ടെസ്റ്റിലും തിളങ്ങാതിരുന്ന സാക് ക്രോളിയെ തന്നെയാണ് മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ട് ഓപ്പണറായി നിലനിര്‍ത്തിയത്. അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 336 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടിയിരുന്നു.

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്‌സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത്, ക്രിസ് വോക്‌സ്, ബ്രൈഡൺ കാർസ്, ജോഫ്ര ആർച്ചർ, ഷോയ്ബ് ബഷീർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക