തിരുവനന്തപുരം എ ഡിവിഷൻ ക്രിക്കറ്റ് ലീഗിൽ എജിഒആർസി താരം സച്ചിൻ സുരേഷ് 334 റൺസ് നേടി ചരിത്രം കുറിച്ചു. രഞ്ജി ക്രിക്കറ്റ് ക്ലബ്ബിനെതിരെയായിരുന്നു ഈ നേട്ടം. ഒരു കേരള താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്.

തിരുവനന്തപുരം: തിരുവനന്തപുരം എ ഡിവിഷൻ ക്രിക്കറ്റ് ലീഗ് മൽസരത്തിൽ ചരിത്ര നേട്ടവുമായി ഏജീസ് ഓഫീസ് റിക്രിയേഷൻ ക്ലബ്ബ്(എജിഒആര്‍സി)താരം സച്ചിൻ സുരേഷ്. രഞ്ജി ക്രിക്കറ്റ് ക്ലബ്ബുമായുള്ള മൽസരത്തിൽ സച്ചിൻ 334 റൺസ് നേടി. ഒരു കേരള താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്. മൽസരത്തിൽ എജിഒആര്‍സി ഇന്നിംഗ്സിനും 324 റൺസിനും ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത രഞ്ജി ക്രിക്കറ്റ് ക്ലബ്ബ് 187 റൺസിന് ഓൾ ഔട്ടായപ്പോള്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എജിഒആര്‍സി സച്ചിൻ സുരേഷിന്‍റെയും ഇന്ത്യൻ താരം സഞ്ജു സാംസണിന്‍റെ സഹോദരന്‍ സാലി വിശ്വനാഥിന്‍റെയും സെഞ്ചുറികളുടെ മികവിൽ ഒന്നാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 613 റൺസ് നേടി. തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ രഞ്ജി ക്രിക്കറ്റ് ക്ലബ്ബ് 102 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. സ്കോര്‍ രഞ്ജി ക്രിക്കറ്റ് ക്ലബ്ബ് 187, 102, എജിഒആര്‍സി 613-5.

വെറും 197 പന്തുകളിൽ നിന്നായിരുന്നു സച്ചിൻ 334 റൺസ് നേടിയത്. 27 ബൗണ്ടറികളും 24 സിക്സും അടങ്ങുന്നതായിരുന്നു സച്ചിന്‍റെ ഇന്നിങ്സ്. സച്ചിന് മികച്ച പിന്തുണ നൽകിയ സാലി വിശ്വനാഥ് 118 പന്തിൽ നിന്ന് 148 റൺസ് നേടി. ഇരുവരും ചേര്‍ന്ന് 403 റൺസ് കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് വേര്‍പിരിഞ്ഞത്.

മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ സച്ചിൻ തുടക്കം മുതൽ തകർത്തടിച്ച് അതിവേഗം സ്കോർ ഉയർത്തി. സച്ചിന്‍റെ സ്കോറിങ്ങിന് തടയിടാൻ രഞ്ജി ക്രിക്കറ്റ് ക്ലബ്ബ് ക്യാപ്റ്റൻ അക്ഷയ് ശിവ് ബൗളർമാരെ മാറിമാറി പരീക്ഷിച്ചു. എന്നാൽ പന്തെറിഞ്ഞ എട്ട് പേർക്കെതിരെയും തലങ്ങും വിലങ്ങും ഷോട്ടുകൾ പായിച്ച് സച്ചിൻ ബാറ്റിങ് തുടർന്നു. ഒടുവിൽ കെ എസ് അഭിറാമിന്‍റെ പന്തിൽ സ്റ്റംപ് ചെയ്യപ്പെട്ടാണ് സച്ചിൻ പുറത്തായത്.

കേരള ക്രിക്കറ്റിലെ ശ്രദ്ധേയരായ യുവതാരങ്ങളിൽ ഒരാളായ സച്ചിൻ ട്രിപ്പിൾ സെഞ്ച്വറി നേടുന്നത് ഇതാദ്യമാണ്. സി കെ നായിഡു ട്രോഫിയിൽ കേരളത്തെ പ്രതിനിധീകരിച്ചിട്ടുള്ള സച്ചിൻ സെഞ്ച്വറി നേടിയിരുന്നു. അടുത്തിടെ എൻഎസ്കെ ട്രോഫിയിൽ പത്തനംതിട്ടയ്ക്കെതിരെ പാലക്കാടിനായി 52 പന്തുകളിൽ 132 റൺസ് നേടിയും ശ്രദ്ധേയനായി. പാലക്കാട് നല്ലേപ്പള്ളി സ്വദേശികളായ സുരേഷും ബിന്ദുവുമാണ് സച്ചിന്‍റെ മാതാപിതാക്കൾ. കേരള താരം സച്ചിൻ ബേബിയാണ് സച്ചിന്‍ സുരേഷിന്‍റെ മെന്‍റർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക