സിഡ്നി: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി. ബാറ്റിങ്ങിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജയെ സ്‌കാനിങ്ങിന് കൊണ്ടുപോയി. നേരത്തെ ഋഷഭ് പന്തിനേയും സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. ബാറ്റിങ്ങിനിടെയാണ് പന്തിനും പരിക്കേറ്റത്. ഇരുവരുടെ സ്‌കാനിങ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. ജഡേജയ്ക്ക് പകരം മായങ്ക് അഗര്‍വാള്‍ ഗ്രൗണ്ടിലെത്തി. പന്തിന് പകരം വൃദ്ധിമാന്‍ സാഹയാണ് വിക്കറ്റിന് പിന്നില്‍. 

മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ 99ാം ഓവറിന്റെ നാലാം പന്തിലാണ്് ജഡേജയ്ക്ക് പരിക്കേല്‍ക്കുന്നത്. ഷോര്‍ട്ട് ബോള്‍ പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ ഇടതു തള്ളവിരലില്‍ ഇടിക്കുകയായിരുന്നു. ഉടനെ ഫിസിയോ ഗ്രൗണ്ടിലേക്ക് ഓടിയെത്തി. പിന്നാലെ ടാപ് ചുറ്റിയാണ് രഹാനെ കളിച്ചത്. പിന്നീട് വേദനയോടെ വിരല് മടക്കാന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു. ജഡേജയ്ക്ക് ശേഷിക്കുന്ന ദിവസങ്ങള്‍ നഷ്ടമാവുകയാണെങ്കില്‍ കടുത്ത നഷ്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. 

ബാറ്റ് ചെയ്യുന്നത് മാത്രമല്ല ബൗളിങ്ങിലും താരത്തിന്റെ സേവനം ഇന്ത്യക്ക് അനിവാര്യമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്താന്‍ ജഡേജയ്ക്ക് കഴിഞ്ഞിരുന്നു. ബാറ്റിങ്ങില്‍ 28 റണ്‍സ് നേടിയ ജഡേജ പുറത്താവാതെ നില്‍ക്കുകയായിരുന്നു. നേരത്തെ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സറേറ്റാണ് പന്തിന് പരിക്കേല്‍ക്കുന്നത്. അധികം വൈകാതെ പുറത്തായ താരത്തെ സ്‌കാനിങ്ങിനായി കൊണ്ടുപോയിരുന്നു. ഇന്ത്യക്കായിഒന്നാം ഇന്നിംഗ്സില്‍ 67 പന്തില്‍ നാല് ബൗണ്ടറികള്‍ സഹിതം 36 റണ്‍സ് നേടിയിരുന്നു ഋഷഭ് പന്ത്.