ഇരുവരും പുറത്തായശേഷമായിരുന്നു അഭിഷേകിന്‍റെ ആറാട്ട്. 22 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് ന്യൂസിലന്‍ഡിനെതിരെ ഇന്ത്യൻ താരത്തിന്‍റെ വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡിട്ടു.
നാഗ്പൂര്‍:ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരിലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ മികച്ച സ്കോറിലേക്ക്. പവര്‍ പ്ലേയില്‍ തന്നെ സഞ്ജു സാംസണെയും ഇഷാന്‍ കിഷനെയും നഷ്ടമായെങ്കിലും അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ഫിഫ്റ്റിയുടെ കരുത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 12 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെന്ന നിലയിലാണ്. മൂന്ന് പന്തില്‍ 5 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയും റണ്ണൊന്നുമെടുക്കാതെ ശിവം ദുബെയും ക്രീസില്‍.
7 പന്തില്‍ 10 റണ്‍സെടുത്ത സഞ്ജു സാംസണിന്‍റെയും 5 പന്തില്‍ എട്ട് റണ്‍സെടുത്ത ഇഷാന്‍ കിഷന്‍റെയും 22 പന്തിൽ 32 റണ്‍സെടുത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെയും 35 പന്തില്‍ 84 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
അടി തെറ്റിയ തുടക്കം, അടിച്ചുതകര്‍ത്ത് അഭിഷേക്
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് അഭിഷേകും സഞ്ജുവും ചേര്‍ന്ന് നല്ല തുടക്കമിടുമെന്നായിരുന്നു പ്രതീക്ഷ. ജേക്കബ് ഡഫിക്കെതിരെ സിക്സ് അടിച്ചു തുടങ്ങിയ അഭിഷേകിനൊപ്പം രണ്ടാം ഓവറില്‍ രണ്ട് ബൗണ്ടറികളടിച്ച് സഞ്ജു പ്രതീക്ഷ നല്‍കിയെങ്കിലും കെയ്ൽ ജമൈസന്‍റെ പന്തില്‍ സഞ്ജുവി രച്ചിന്‍ രവീന്ദ്രക്ക് ക്യാച്ച് നല്‍കി മടങ്ങി. പിന്നാലെ ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ നേിരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറിയടിച്ചാണ് തുടങ്ങിയത്. പിന്നാലെ ജേക്കബ് ഡഫിക്കെതിരെയും ബൗണ്ടറി നേടി. എന്നാല്‍ കിഷനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. 5 പന്തില്‍ 8 റണ്‍സെടുത്ത് ഡഫിയുടെ പന്തില്‍ ചാപ്മാന് ക്യാച്ച് നല്‍കി മടങ്ങി.
ഇരുവരും പുറത്തായശേഷമായിരുന്നു അഭിഷേകിന്‍റെ ആറാട്ട്. 22 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് ന്യൂസിലന്‍ഡിനെതിരെ ഇന്ത്യൻ താരത്തിന്‍റെ വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡിട്ടു. ഗ്ലെന്‍ ഫിലിപ്സ് എറിഞ്ഞ എട്ടാം ഓവറില്‍ 20 റണ്‍സടിച്ച അഭിഷേക് നാലു ഫോറും അഞ്ച് സിക്സും ഇതുവരെ പറത്തിയിട്ടുണ്ട്. 20 പന്തില്‍ 31 റണ്‍സുമായി അഭിഷേകിന് പിന്തുണ നല്‍കിയ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ഒരു സിക്സും നാലു ഫോറും പറത്തി. പതിനൊന്നാം ഓവറില്‍ സാന്‍റ്നറുടെ പന്തില്‍ ടിം റോബിൻസണ് ക്യാച്ച് നല്‍കി സൂര്യകുമാര്‍ പുറത്തായി. മൂന്നാം വിക്കറ്റില്‍ സൂര്യ-അഭിഷേക് സഖ്യം 99 റണ്‍സ് കൂട്ടിച്ചേർത്തശേഷമാണ് വേര്‍പിരിഞ്ഞത്. പിന്നാലെ ഇഷ് സോധിക്കെിരെ തുടര്‍ച്ചയായി സിക്സുകള്‍ നേടിയ അഭിഷേക് സോധിയുടെ ഓവറില്‍ വീണ്ടും സിക്സ് അടിക്കാനുള്ള ശ്രമത്തില്‍ വീണു. 35 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്സും പറത്തി അഭിഷേക് 84 റൺസടിച്ചശേഷമാണ് പുറത്തായത്.
നേരത്തെ ഇന്ത്യക്കെതിരെ ടോസ് നേടിയ ന്യൂസിലന്‍ഡ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.പേസര്‍ ജസ്പ്രീത് ബുമ്രയും ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്. രണ്ടാം പേസറായി അര്‍ഷ്ദീപ് സിംഗ് പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ ഹര്‍ഷിത് റാണ പുറത്തായി. ഹര്‍ഷിതിന് പുറമെ സ്പിന്നര്‍മാരായ രവി ബിഷ്ണോയിക്കും കുല്‍ദീപ് യാദവിനും ശ്രേയസ് അയ്യര്‍ക്കും പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചില്ല. അക്സറും വരുണ്‍ ചക്രവര്‍ത്തിയുമാണ് സ്പിന്നര്‍മാരായി ടീമിലെത്തിയത്.
ന്യൂസിലൻഡ് പ്ലേയിംഗ് ഇലവൻ: ടീം റോബിൻസൺ, ഡെവോൺ കോൺവേ, രച്ചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, മിച്ചൽ സാന്‍റ്നർ (ക്യാപ്റ്റൻ), ക്രിസ്റ്റ്യൻ ക്ലാർക്ക്, കൈൽ ജാമിസൺ, ഇഷ് സോധി, ജേക്കബ് ഡഫി.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.
