റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ് ടീമുകള്‍ സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്. ആര്‍സിബി താരം വിരാട് കോലി ഗ്രൗണ്ടിലിറങ്ങി കുറച്ചുനേരം ബാറ്റിംഗ് പരിശീലനം നടത്തുകയും ചെയ്തു.
അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലെ ടോസിന് മിനിറ്റുകള്‍ മാത്രം ബാക്കിയിരിക്കെ അഹമ്മദാബാദില്‍ മഴ മാറി മാനം തെളിഞ്ഞു. വൈകിട്ട് നാലരയോടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും പരിസരത്തും മഴ പെയ്തത് ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാല്‍ അരമണിക്കൂറോളം നീണ്ട മഴ പെട്ടെന്ന് തന്നെ ശമിച്ചു. മാനം തെളിഞ്ഞതോടെ ആരാധകര്‍ക്ക് ആശ്വാസമായി. ഐപിഎല്‍ കിരീടപ്പോരിന് മുമ്പുള്ള സമാപനച്ചടങ്ങുകള്‍ നടക്കുകയാണിപ്പോള്‍ സ്റ്റേഡിയത്തില്‍
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ് ടീമുകള്‍ സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്. ആര്‍സിബി താരം വിരാട് കോലി ഗ്രൗണ്ടിലിറങ്ങി കുറച്ചുനേരം ബാറ്റിംഗ് പരിശീലനം നടത്തുകയും ചെയ്തു. ഫൈനലിന് മഴ പ്രവചനമില്ലെങ്കിലും അപ്രതീക്ഷിതമായ എത്തിയ മഴ ആരാധകരെ ആശങ്കയിലാഴ്ച്ചിയിരുന്നു. ഇവിടെ നടന്ന പഞ്ചാബ് കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള രണ്ടാം ക്വാളിഫയര്‍ പോരാട്ടം മഴ മൂലം രണ്ട് മണിക്കൂര്‍ വൈകിയാണ് തുടങ്ങാനായത്. മത്സരം നിശ്ചിത ഓവര്‍ പൂര്‍ത്തിയാക്കാനായെങ്കിലും ഫൈനലിലും മഴ കളിക്കുമോ എന്ന ആശങ്ക ഇപ്പോഴും പൂര്‍ണമായും ഒഴിഞ്ഞുപോയിട്ടില്ല.
റിസര്‍വ് ദിനം
ഐപിഎല്‍ ഫൈനലിന് ബിസിസിഐ റിസർവ് ദിനം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഇന്ന് ഫൈനല്‍ പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ മത്സരം നാളെ നടത്തും. അതേസമയം, പ്ലേ ഓഫ് മത്സരങ്ങള്‍ക്കുള്ള പുതുക്കിയ പ്ലേയിംഗ് കണ്ടീഷന്‍ അനുസരിച്ച് രണ്ട് മണിക്കൂർ അധികസമയം അനുവദിച്ചിട്ടുള്ളതിനാല്‍ മഴ കാരണം മത്സരം വൈകിയാലും രാത്രി 9.30 വരെ ടോസിന് സമയമുണ്ട്. രാത്രി 9.30നാണ് ടോസ് ഇടുന്നതെങ്കിലും 20 ഓവര്‍ മത്സരം തന്നെ നടക്കും.
ഇതിനുശേഷം മാത്രമെ ഓവറുകള്‍ നഷ്ടമാകു എന്നത് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാമ്. മുംബൈ ഇന്ത്യൻസും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരം 9.30നാണ് ആരംഭിച്ചത്. ഇന്ന് മത്സരം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ റിസര്‍വ് ദിനമായ നാളത്തേക്ക് മത്സരം മാറ്റും. നാളെയും മത്സരം സാധ്യമായില്ലെങ്കില്‍ പോയന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ പഞ്ചാബ് കിംഗ്സിനെ ചാമ്പ്യൻമാരായി പ്രഖ്യാപിക്കും.


