ദക്ഷിണാഫ്രിക്കയ്ക്കായി ഏകദിനത്തില്‍ വേഗത്തില്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ മാര്‍ക്രം മൂന്നാമനായി. 2015ല്‍ ജൊഹന്നാസ്ബര്‍ഗില്‍ വിന്‍ഡീസിനെതിരെ 31 പന്തില്‍ സെഞ്ചുറി നേടിയ ഡിവില്ലിയേഴ്‌സ് ഒന്നാമന്‍.

ദില്ലി: ഏകദിന ലോകകപ്പിലെ വേഗമേറിയ സെഞ്ചുറി സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മാര്‍ക്രം. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ 49 പന്തില്‍ സെഞ്ചുറി നേടിയതോടെയാണ് മാര്‍ക്രത്തെ തേടി സെഞ്ചുറിയെത്തിയത്. ഒന്നാകെ 54 പന്തുകള്‍ നേരിട്ട താരം 106 റണ്‍സുമായിട്ടാണ് പുറത്തായത്. 2011ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ 50 പന്തില്‍ സെഞ്ചുറി നേടിയ മുന്‍ അയര്‍ലന്‍ഡ് താരം കെവിന്‍ ഒബ്രിയാന്റെ റെക്കോര്‍ഡാണ് മാര്‍ക്രം മറികടന്നത്. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു നേട്ടം. 2015 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ 51 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ മൂന്നാമത്. അതേ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 52 പന്തില്‍ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് നാലാമത്.

അതേസമയം, ദക്ഷിണാഫ്രിക്കയ്ക്കായി ഏകദിനത്തില്‍ വേഗത്തില്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ മാര്‍ക്രം മൂന്നാമനായി. 2015ല്‍ ജൊഹന്നാസ്ബര്‍ഗില്‍ വിന്‍ഡീസിനെതിരെ 31 പന്തില്‍ സെഞ്ചുറി നേടിയ ഡിവില്ലിയേഴ്‌സ് ഒന്നാമന്‍. 2006ല്‍ സിംബാബ്‌വെക്കെതിരെ 44 പന്തില്‍ സെഞ്ചുറി നേടിയ മാര്‍ക്ക് ബൗച്ചര്‍ രണ്ടാമതും. അടുത്തത് മാര്‍ക്രം. 2015 ലോകകപ്പില്‍ വിന്‍ഡീസിനെതിരെ 52 പന്തില്‍ സെഞ്ചുറി നേടിയ ഡിവില്ലിയേഴ്‌സ് പിന്നില്‍. നാലാം തവണയാണ് ഏകദിനത്തില്‍ ഒരു ഇന്നിംഗ്‌സില്‍ ടീമിലെ മൂന്ന് താരങ്ങളും സെഞ്ചുറി നേടുന്നത്. ഇതില്‍ മൂന്ന് തവണയും ദക്ഷിണാഫ്രിക്കയുടെ പേരുണ്ട്. മറ്റൊരു ടീം ഇംഗ്ലണ്ടാണ്.

മാര്‍ക്രമിന് പുറമെ ക്വിന്റണ്‍ ഡി കോക്ക് (100), റാസി വാന്‍ ഡര്‍ ഡസ്സന്‍ (108) എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ സെഞ്ചുറി നേടിയത്. മൂവരുടേയും കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 428 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഏകദിന ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 2015ല്‍ അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയ നേടിയ ആറിന് 417 എന്ന സ്‌കോറാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. 2007ല്‍ ബെര്‍മുഡയ്‌ക്കെതിരെ ഇന്ത്യ നേടിയ 413/5, 2015ല്‍ അയര്‍ലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്ക നേടിയ 411/4, അതേ ലോകകപ്പില്‍ വിന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്ക നേടിയ 408/5 എന്നിവയാണ് പട്ടികയിലുള്ള മറ്റു മികച്ച ടീം ടോട്ടലുകള്‍.

ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ 400+ സ്‌കോര്‍ നേടുന്ന ടീമും ദക്ഷിണാഫ്രിക്കയായി. മൂന്നാം തവണയാണ് അവര്‍ 400 കടക്കുന്നത്. ഓരോ തവണ 400 കടന്ന ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് പിന്നില്‍. ഏകദിനത്തില്‍ എട്ടാം തവണയാണ് ദക്ഷിണാഫ്രിക്ക 400 കടക്കുന്നത്. ഏറ്റവും കൂടുതല്‍ 400+ നേടിയ ടീമും അവര്‍ തന്നെ. ഇന്ത്യ (6), ഇംഗ്ലണ്ട് (5), ഓസ്‌ട്രേലിയ, ശ്രീലങ്ക (2) എന്നിവരാണ് പിന്നില്‍. ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നാലാമത്തെ ടീം ടോട്ടലാണിത്. 2015ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 439/2, 2006ല്‍ ഓസീസിനെതിരെ 438/9, 2015ല്‍ ഇന്ത്യക്കെതിരെ 438/4 എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ശ്രീലങ്കയ്‌ക്കെതിരെ ഒരു ടീം നേടുന്ന ഏറ്റവും മികച്ച ടീം ടോട്ടല്‍ കൂടിയാണിത്. 2009ല്‍ ഇന്ത്യ നേടിയ ഏഴിന് 414 എന്ന സ്‌കോറാണ് ദക്ഷിണാഫ്രിക്ക മറികടന്നത്.

ദക്ഷിണാഫ്രിക്ക വരവറിയിച്ചു! റണ്‍മലയില്‍ തകര്‍ന്നത് നിരവധി റെക്കോര്‍ഡുകള്‍! പിന്നിലായത് ഇന്ത്യയും ഓസീസും