അജയ് ജഡേജയുടെ അമ്മ മലയാളി ആണ്. മുഹമ്മ പുത്തനങ്ങാടി സ്വദേശിനിയായ അവര്‍ ജൂണില്‍ അന്തരിച്ചിരുന്നു.

അഹമ്മദാബാദ്: അടുത്തിടെയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജയ് ജഡേജ ജാംനഗര്‍ രാജകീയ സിംഹാസനത്തിന്റെ അവകാശിയായി പ്രഖ്യാപിക്കപ്പെട്ടത്. ഗുജറാത്തിലെ ജാംനഗര്‍ രാജകുടുംബത്തില്‍പ്പെട്ട ജഡേജയെ നവനഗര്‍ എന്നറിയപ്പെടുന്ന ജാംനഗറിന്റെ നിലവിലെ മഹാരാജാവായ ശത്രുശല്യസിന്‍ഹജി ദിഗ്വിജയ്‌സിന്‍ഹജിയാണ് 'ജാം സാഹിബ്' ആയി പ്രഖ്യാപിച്ചത്. ദസറയ്ക്കിടെ സവിശേഷമായ മുഹൂര്‍ത്തിലാണ് ജഡേജ പ്രഖ്യാപനമുണ്ടായത്. അജയ് ജഡേജയുടെ അച്ഛന്റെ അര്‍ധ സഹോദരന്‍ ആണ് നിലവിലെ മഹാരാജാവായ ശത്രുശല്യസിന്‍ഹജി ദിഗ്വിജയ്‌സിന്‍ഹജി.

അജയ് ജഡേജയുടെ അമ്മ മലയാളി ആണ്. മുഹമ്മ പുത്തനങ്ങാടി സ്വദേശിനിയായ അവര്‍ ജൂണില്‍ അന്തരിച്ചിരുന്നു. അച്ഛന്‍ നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. ദൗലത് സിംഗ് ജാംനഗറില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പിയായിരുന്നു ജഡേജയുടെ അച്ഛന്‍. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുമ്പ് ഗുജറാത്തിലെ ഒരു പ്രമുഖ നാട്ടുരാജ്യമായിരുന്നു നവനഗര്‍. ഇന്ന് ജാംനഗര്‍ എന്നാണ് ഇവിടെ അറിയപ്പെടുന്നത്. കിരീടവാകാശി ആയതോടെ ജഡേജയുടെ ആസ്തിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

അഴിഞ്ഞാട്ടം തുടരാന്‍ മെസി! 2026 ലോകകപ്പ് കളിക്കുമെന്നുള്ള ഉറപ്പ് നല്‍കി ഇതിഹാസതാരം

1450 കോടിയലധികം ആസ്ത്രിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഈ കണക്ക് ശരിയാണെങ്കില്‍, ഏകദേശം 1,000 കോടി ആസ്തിയുള്ള വിരാട് കോലിയെക്കാളും അദ്ദേഹം സമ്പന്നനാണ്. ഇങ്ങനെ നോക്കുമ്പോള്‍ ജഡേജയാണ് ഇപ്പോള്‍ ഇന്ത്യയിലെ ധനികനായ കായികതാരം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുന്‍നിര കളിക്കാരില്‍ ഒരാളായിരുന്നു അജയ് ജഡേജ. ഒരുകാലത്ത് ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാനായി അറിയപ്പെട്ടിരുന്ന ജഡേജക്ക് പറക്കും ഫീല്‍ഡര്‍ എന്നൊരു വിശേഷണവും ആരാധകര്‍ നല്‍കിയിരുന്നു. 

ഫീല്‍ഡിംഗിലെ മികവായിരുന്നു ഇതിന് കാരണം. ക്രിക്കറ്റ് രംഗത്ത് വലിയ പാരമ്പര്യമുള്ള കുടുംബമാണ് ജഡേജയുടേത്. രഞ്ജി ട്രോഫിയും ദുലീപ് ട്രോഫിയും ജഡേജയുടെ ബന്ധുക്കളായ കെ എസ് രഞ്ജിത് സിംഗ്ജിയുടെയും കെ എസ് ദുലീപ് സിംഗ്ജിയുടെയും പേരിലാണ് അറിയപ്പെടുന്നതെന്നാണ് മറ്റൊരു യാഥാര്‍ത്ഥ്യം. 1971 ഫെബ്രുവരി 1 ന് ജനിച്ച അജയ് ജഡേജ 1992 മുതല്‍ 2000 വരെ ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ഇന്ത്യക്കായി 15 ടെസ്റ്റ് മത്സരങ്ങളും 196 ഏകദിനങ്ങളും കളിച്ച ജഡേജയെ വാതുവെയ്പ്പ് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയത്തില്‍ 2000ല്‍ ബിസിസിഐ 5 വര്‍ഷത്തേക്ക് ക്രിക്കറ്റില്‍ നിന്ന് വിലക്കിയിരുന്നു.