ഹൂഡ (Deepak Hooda) സെഞ്ചുറി നേടിയെങ്കിലും ക്രിക്കറ്റ് ലോകം കൂടുതല്‍ സംസാരിച്ചത് സഞ്ജുവിന്റെ (Sanju Samson) ഇന്നിംഗ്‌സിനെ കുറിച്ചായിരുന്നു. പക്വതയേറിയ ഇന്നിംഗ്‌സായിരുന്നു മലയാളി താരത്തിന്റേത്. മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേയും സഞ്ജുവിന്റെ ആരാധകനായി.

ഡബ്ലിന്‍: അയര്‍ലന്‍ഡിനെ (IREvIND) നാല് റണ്‍സിന് തോല്‍പ്പിച്ചതോടെ ഇന്ത്യ ടി20 പരമ്പര 2-0ത്തിന് സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുക്കാനാണ് സാധിച്ചത്. ദീപക് ഹൂഡ (57 പന്തില്‍ 104), സഞ്ജു സാംസണ്‍ (42 പന്തില്‍ 77) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

ഹൂഡ (Deepak Hooda) സെഞ്ചുറി നേടിയെങ്കിലും ക്രിക്കറ്റ് ലോകം കൂടുതല്‍ സംസാരിച്ചത് സഞ്ജുവിന്റെ (Sanju Samson) ഇന്നിംഗ്‌സിനെ കുറിച്ചായിരുന്നു. പക്വതയേറിയ ഇന്നിംഗ്‌സായിരുന്നു മലയാളി താരത്തിന്റേത്. മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേയും സഞ്ജുവിന്റെ ആരാധകനായി. ഇക്കാര്യം അദ്ദേഹം തുറന്നുപറയുകയും ചെയ്തു. മാത്രമല്ല, സഞ്ജു സെഞ്ചുറി നേടാതെ പോയതില്‍ അദ്ദേഹത്തിന് നിരാശയുമുണ്ട്. 

ജഡേജ അത് പ്രകടമാക്കുകയും ചെയ്തു. മത്സരശേഷം സഞ്ജു, ജഡേജയ്ക്ക് നല്‍കിയ മറുപടിയില്‍ നിന്ന്. ''മനോഹരമായ മത്സരമായിരുന്നു ഡബ്ലിനിലേത്. പ്രതികൂല സാഹചര്യത്തില്‍ പോലും വലിയ കൂട്ടുകെട്ടുണ്ടാക്കാന്‍ ഞങ്ങള്‍ക്കായി. അവര്‍ കൃത്യമായ ഏരിയയില്‍ പന്തെറിഞ്ഞു. മാത്രമല്ല, പന്ത് വ്യതിചലിക്കുന്നുമുണ്ടായിരുന്നു. 

എന്നാല്‍ ഹൂഡയുടെ ബാറ്റിംഗാണ് എന്നെ അനായാസമായി കളിക്കാന്‍ സഹായിച്ചത്. അദ്ദേഹത്തിന് പരമാവധി സ്‌ട്രൈക്ക് കൈമാറാനാണ് ഞാന്‍ ശ്രമിച്ചത്. ഹൂഡയുടെ ബാറ്റിംഗ് ഞാന്‍ നന്നായി ആസ്വദിച്ചു. വരും ദിവസങ്ങളില്‍ എനിക്കും സെഞ്ചുറി നേടാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നു.'' സഞ്ജു പറഞ്ഞു.

എന്നാല്‍ സെഞ്ചുറി നേടാതെ പോയതില്‍ നിരാശയുണ്ടെണ്ടെന്ന് ജഡേജ മറുപടി പറഞ്ഞു. മാത്രല്ല, ഞാന്‍ സഞ്ജുവിന്റെ വലിയ ആരാധകനാണെന്നും ജഡേജ മറുപടി പറഞ്ഞു.

നേരത്തെ, ഹൂഡയും സഞ്ജുവിനെ പ്രകീര്‍ത്തിച്ചിരുന്നു. 'സഞ്ജു എന്റെ ബാല്യകാല സുഹൃത്താണ്. സഞ്ജുവിനൊപ്പം ബാറ്റ് ചെയ്യുന്നത് എപ്പോഴും സന്തോഷം. ടീമിനെ പിന്തുണയ്ക്കാനെത്തിയ എല്ലാ ആരാധകര്‍ക്കും നന്ദി അറിയിക്കുന്നു' എന്നുമായിരുന്നു ഹൂഡയുടെ വാക്കുകള്‍. 'മികച്ച ഐപിഎല്‍ സീസണ്‍ കഴിഞ്ഞാണ് വരുന്നത്. ആ പ്രകടനം തുടരുകയായിരുന്നു ലക്ഷ്യം. ആക്രമിച്ച് കളിക്കാന്‍ ഇഷ്ടപ്പെടുന്നു. ബാറ്റിംഗ് സ്ഥാനക്കയറ്റം കിട്ടിയതിനാല്‍ ഏറെസമയം ക്രീസില്‍ ലഭിക്കുന്നതായും' ഹൂഡ കൂട്ടിച്ചേര്‍ത്തു.