സീസണിലുടനീളം മോശം പ്രകടനമായിരുന്നു രഹാനെയുടേത്. അതിന്റെ തുടര്‍ച്ചയായിരുന്നു ഇന്നത്തേതും. ഇതുവരെ ഒമ്പത് ഇന്നിംഗ്‌സുകള്‍ കളിച്ച രഹാനെ 115 റണ്‍സ് മാത്രമാണ് നേടിയത്.
മുംബൈ: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ നിരാശപ്പെടുത്തുന്ന പ്രകടനവുമായി ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ അജിന്‍ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയും. ബറോഡയ്‌ക്കെതിരായ മത്സരത്തില്‍ മുംബൈ ക്യാപ്റ്റന്‍ രഹാനെ മൂന്ന് റണ്‍സെടുത്ത് പുറത്തായി. സൗരാഷ്ട്രയുടെ പൂജാരയ്ക്ക് തമിഴ്‌നാടിനെതിരെ രണ്ട് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. മുംബൈയുടെ മറ്റൊരു താരം പൃഥ്വി ഷാ 33 റണ്‍സുമായി മടങ്ങി.
സീസണിലുടനീളം മോശം പ്രകടനമായിരുന്നു രഹാനെയുടേത്. അതിന്റെ തുടര്‍ച്ചയായിരുന്നു ഇന്നത്തേതും. ഇതുവരെ ഒമ്പത് ഇന്നിംഗ്‌സുകള്‍ കളിച്ച രഹാനെ 115 റണ്‍സ് മാത്രമാണ് നേടിയത്. 14.38 ശരാശരിയും 35.93 സ്‌ട്രൈക്ക് റേറ്റും. ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് നേടാന്‍ സാധിച്ചത്. നാല് തവണ രണ്ടക്കം കാണാതെ പുറത്തായി. അതില്‍ രണ്ട് രണ്ട് തവണ റണ്ണെടുക്കാനും സാധിച്ചിരുന്നില്ല. ഇന്ന് ഭാര്‍ഗവ് ഭട്ടിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു രഹാനെ.
ഓപ്പണറായി കളിക്കുന്ന പൃഥ്വി 46 പന്തില്‍ 33 റണ്‍സെടുത്ത് പുറത്തായി. ഭട്ടിന്റെ തന്നെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്യുകയായിരുന്നു താരത്തെ. ബറോഡയ്‌ക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ചിന് 188 എന്ന നിലയിലാണ്. മുഷീര്‍ ഖാന്‍ (84), ഹാര്‍ദിക് തമോറെ (15) എന്നിവരാണ് ക്രീസില്‍.
സീസണില്‍ മികച്ച ഫോമിലുള്ള താരമാണ് പൂജാര. എന്നാല്‍ ഇന്ന് തിളങ്ങാന്‍ പൂജാരയ്ക്കും കഴിഞ്ഞില്ല. രണ്ട് റണ്‍സെടുത്ത പൂജാരയെ അജിത് റാം സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. സീസണില്‍ ഇതുവരെ 783 റണ്‍സാണ് പൂജാരയുടെ സമ്പാദ്യം. പുറത്താവാതെ നേടിയ 243 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മറ്റൊരു ഇന്ത്യന്‍ താരം ഹനുമ വിഹാരി ആന്ധ്രയ്ക്കായി കളിക്കുന്നുണ്ട്. മധ്യപ്രദേശാണ് ആന്ധ്രയുടെ എതിരാളി. വിദര്‍ഭയ്ക്ക് വേണ്ടി മലയാളി താരം കരുണ്‍ നായരും കളിക്കുന്നുണ്ട്.

