മുംബൈ: ഏകദിന ടീമില്‍ നിന്ന് പുറത്തായെങ്കിലും ലോകകപ്പ് ടീമില്‍ ഇടംപിടിക്കാമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യന്‍ മധ്യനിര ബാറ്റ്സ്‌മാന്‍ അജിങ്ക്യ രഹാനെ. ബാറ്റ്സ്‌മാന്‍ എന്ന നിലയില്‍ താന്‍ അഗ്രസീവാണ്. എന്നാല്‍ വ്യക്തിയെന്ന നിലയില്‍ താന്‍ അങ്ങനെയല്ല. നന്നായി ബാറ്റ് ചെയ്യാനാകും എന്നാണ് പ്രതീക്ഷയെന്നും രഹാനെ പറഞ്ഞു. 

ടീം ഘടനയില്‍ എപ്പോഴും വിശ്വസമുണ്ട്. സെലക്ടര്‍മാരുടെയും മാനേജ്മെന്‍റിന്‍റെയും തീരുമാനം അംഗീകരിക്കുന്നു. അത് തുടരും. എന്നാല്‍ തന്‍റെ പ്രകടനം അംഗീകരിക്കേണ്ടതുണ്ട് എന്നും രഹാനെ പറഞ്ഞു. കഴിഞ്ഞ മൂന്നുനാലും പരമ്പരകളില്‍ 45- 50 ആണ് ബാറ്റിംഗ് ശരാശരി. ഏകദിന ടീമില്‍ നിന്ന് പുറത്തായ ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ നന്നായി കളിക്കുന്നുണ്ടെന്നും രഹാനെ പറഞ്ഞു.  

രഹാനെ ഇന്ത്യയുടെ ലോകകപ്പ് പ്ലാനുകളുടെ ഭാഗമാണെന്ന് ചീഫ് സെലക്‌ടര്‍ എം എസ് കെ പ്രസാദ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ലോകകപ്പിനായി പരിഗണിക്കുന്നതില്‍ സന്തോഷമുണ്ട്. ലോകകപ്പ് കളിക്കുക എല്ലാ ക്രിക്കറ്റര്‍മാരുടെയും സ്വപ്‌നമാണ്. നിലവിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ലോകകപ്പിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അജിങ്ക്യ രഹാനെ കൂട്ടിച്ചേര്‍ത്തു.