മുംബൈ ടെസ്റ്റിനുള്ള ടീമില്‍ നിന്ന് നേരിയ പരിക്കുള്ള രഹാനെക്ക് വിശ്രമം അനുവദിച്ചുവെന്നാണ് ടീം ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ സമീപകാലത്തായി മോശം ഫോമിലുള്ള രഹാനെയെ ഒഴിവാക്കിയതാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

മുംബൈ: ന്യൂസിലന്‍ഡിനെതിരായ(IND v NZ) രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെക്ക്(Ajinkya Rahane) പരിക്കുമൂലം വിശ്രമം അനുവദിച്ചതാണോ ഒഴിവാക്കിയതാണോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടെ ഒഴിവാക്കിയതാണെങ്കില്‍ രഹാനെക്ക് ഇനിയൊരു തിരിച്ചുവരവ് അസാധ്യമായിരിക്കുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍(Zaheer Khan).

മുംബൈ ടെസ്റ്റിനുള്ള ടീമില്‍ നിന്ന് നേരിയ പരിക്കുള്ള രഹാനെക്ക് വിശ്രമം അനുവദിച്ചുവെന്നാണ് ടീം ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ സമീപകാലത്തായി മോശം ഫോമിലുള്ള രഹാനെയെ ഒഴിവാക്കിയതാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

പരിക്കുമൂലമാണ് രഹാനെയെ മുംബൈ ടെസ്റ്റിനുള്ള ടീമില് നിന്ന് ഒഴിവാക്കിയതെങ്കില്‍ അങ്ങനെയാവട്ടെ. അല്ല, അയാളെ തഴഞ്ഞതാണെങ്കില്‍ ഇനി ഈ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുക എന്നത് അയാളെ സംബന്ധിച്ചടത്തോളം അസാധ്യമായിരിക്കും. കാരണം, ഇന്ത്യയുടെ യുവനിര അത്രക്ക് ശക്തമാണ്-സഹീര്‍ ക്രിക് ബസിനോട് പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ അവസരത്തിനായി കാത്തിരിക്കുന്ന യുവതാരങ്ങളുടെ നിരയും അവരുടെ പ്രതിഭയും നോക്കു. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന താരങ്ങള്‍വരെ മികവുറ്റ പ്രകടനങ്ങള്‍കൊണ്ട് ടെസ്റ്റ് ടീമിന്‍റെ വാതിലില്‍ മുട്ടുന്നു. അതുകൊണ്ടുതന്നെ ഈ ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിട്ടുള്ളവര്‍ക്ക് തുടര്‍ച്ചയായി മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമെ ടീമില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുവെന്നും സഹീര്‍ പറഞ്ഞു.

വിരാട് കോലിക്ക് വിശ്രമം അനുവദിച്ച ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത് വൈസ് ക്യാപ്റ്റന്‍ കൂടിയായ രഹാനെയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 35 ഉം രണ്ടാം ഇന്നിംഗ്സില്‍ നാലും റണ്‍സെടുത്ത് രഹാനെ പുറത്തായിരുന്നു. ഇതോടെ രഹാനെയെ ഒഴിവാക്കണമെന്ന വാദം ശക്തമാകുകയും ചെയ്തു. ഇതിന് പിന്നാലെ രണ്ടാം ടെസ്റ്റില്‍ കോലി ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോള്‍ രഹാനെക്ക് പരിക്കാണെന്ന കാരണം ചൂണ്ടിക്കാട്ടി ഇന്ത്യയുടെ അന്തിമ ഇലവനില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.