ദില്ലി: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഐപിഎല്‍ ടീം മാറിയേക്കും. രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണറായ രഹാനെ അടുത്ത സീസണില്‍ ഡല്‍ഹി കാപിറ്റല്‍സില്‍ എത്തിയേക്കുമെന്നാണ് സൂചന. 2011ലാണ് താരം രാജസ്ഥാനിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ അത്ര മികച്ച പ്രകടനമായിരുന്നില്ല രഹാനെയുടേത്.

രഹാനെയെ ടീമിലെത്തിക്കാനുള്ള ശ്രമം നടത്തുണ്ടെന്ന് ഫ്രാഞ്ചൈസുയുടെ പ്രതിനിധികള്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ പ്രാഥമിക ചര്‍ച്ചകള്‍ മാത്രമേ ആരംഭിച്ചിട്ടുള്ളൂ. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിട്ടാണ് രഹാനെ തുടങ്ങിയത്. വളരെ കുറഞ്ഞ അവസരങ്ങളാണ് മുംബൈയില്‍ താരത്തിന് ലഭിച്ചത്. പിന്നാലെ രാജസ്ഥാനിലേക്ക് കൂടുമാറി. 

ഇതിനിടെ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് രാജസ്ഥാന് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ പൂനെ ടീമിന് വേണ്ടിയും രഹാനെ കളിച്ചിരുന്നു. കഴിഞ്ഞ തവണ പ്ലേ ഓഫ് കളിച്ച ടീമാണ് ഡല്‍ഹി കാപിറ്റല്‍സ്.