വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ. രണ്ട് ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നാളെ വെല്ലിങ്ടണിലാണ് ആരംഭിക്കുന്നത്. ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് നേരിയ മുന്‍തൂക്കമുണ്ട്. എന്നാല്‍ സ്റ്റാര്‍ പേസര്‍ നീല്‍ വാഗ്നറുടെ അഭാവം കിവീസിനെ ബാധിച്ചേക്കാം.

ഇതിനിടെ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് രഹാനെ. വെല്ലിങ്ടണിലെ പിച്ചില്‍ കളിക്കുക ബാറ്റ്‌സ്മാന്മാര്‍ക്കും ബൗളര്‍മാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടായിരിക്കുമെന്നാണ് രഹാനെ പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''ശക്തമായ കാറ്റാണ് വെല്ലിങ്ടണില്‍. ഇത്തരമൊരു സാഹചര്യത്തില്‍ കളിക്കുകയെന്നത് ബാറ്റ്‌സ്മാന്മാര്‍ക്കും ബൗളര്‍മാര്‍ക്കും ബുദ്ധിമുട്ടാണ്. ബാറ്റിങ് ടെക്‌നിക്കുകള്‍ മാറ്റേണ്ടി വരും. ഉയര്‍ന്ന് ബാക്ക് ലിഫ്റ്റ് ഉപേക്ഷിക്കുന്നതാണ് നല്ലത്. നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോള്‍ കാറ്റുണ്ടാവണമെന്നില്ല. എന്നാല്‍ ഗ്രൗണ്ടില്‍ അത് അറിയാന്‍ സാധിക്കും. അത്തരം സാഹചര്യങ്ങില്‍ ബാറ്റേന്തുക ബുദ്ധിമുട്ടായിരിക്കും. മുന്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരോട് സംസാരിച്ചിരുന്നു. അവരും ഇതേ അഭിപ്രായമാണ് പറഞ്ഞത്. 

ബൗളര്‍മാരുടെ കാര്യവും വ്യത്യസ്ഥമായിരിക്കില്ല. കാറ്റ് വീശുന്നതിന് എതിരെ പന്തെറിയുക ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ സാഹചര്യത്തിന് അനുസരിച്ച് പന്തെറിയേണ്ടിവരും.'' രഹാനെ പറഞ്ഞുനിര്‍ത്തി.

വെല്ലിങ്ടണില്‍ മികച്ച റെക്കോഡാണ് രഹാനെയ്ക്ക്. കഴിഞ്ഞ പര്യടനത്തില്‍ ഏഴാമനായി ക്രീസിലെത്തിയ താരം 118 റണ്‍സ് നേടിയിരുന്നു.