മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീം ഓപ്പണറാവാന്‍ ഒരുങ്ങുകയാണ് രോഹിത് ശര്‍മ. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഓപ്പണറെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത് ഇതുവരെ ഓപ്പണറായിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ ഓപ്പണറാവുമെന്ന് ഏറെകുറെ ഉറപ്പാണ്. ഫോമിലല്ലാത്ത കെ എല്‍ രാഹുലിന് പകരമാണ് രോഹിത് ഓപ്പണറാകുന്നത്.

ഇപ്പോള്‍ രോഹിത്തിനെ കുറിച്ച് സംസാരിക്കുകയാണ് ടെസ്റ്റ് ടീമിന്റെ ഉപനായകന്‍ അജിന്‍ക്യ രഹാനെ. രോഹിത്തിനെ പോലെ ഒരു താരം പുറത്തിക്കുന്നത് ഏറെ വിഷമിക്കുന്ന കാര്യമാണെന്നാണ് രഹാനെ പറയുന്നത്. രഹാനെ തുടര്‍ന്നു... ''ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രോഹിത് ശര്‍മ ഓപ്പണിങ് സ്ഥാനത്ത് കളിക്കുമോ എന്ന് പോലും ഉറപ്പില്ല. അങ്ങനെ സംഭവിച്ചാല്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നവരില്‍ ഒരാള്‍ ഞാനായിരിക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരെ രോഹിത്തിനെ പോലെ ഒരു താരം പുറത്തിരിക്കുന്നത് ഏറെ വിഷമിപ്പിച്ചു. 

കഠിനാധ്വാനം ചെയ്യുന്ന താരമാണ് രോഹിത്. കുറെ നാളായി അദ്ദേഹം ടെസ്റ്റ് ടീമിനൊപ്പമുണ്ട്. ഇനി അദ്ദേഹത്തിനൊരു അവസരം ലഭിച്ചാല്‍ വ്യക്തിപരമായി ഏറെ സന്തോഷം.'' രഹാനെ പറഞ്ഞുനിര്‍ത്തി.