സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് നാളെയാണ് ആരംഭിക്കുന്നത്. നാല് മത്സരങ്ങളുടെ പരമ്പരിയില്‍ ഇരുവരും ഇതുവരെ ഓരോ ടെസ്റ്റ് വീതം ജയിച്ചുകഴിഞ്ഞു. അഡ്‌ലെയ്ഡില്‍ ഓസീസ് ജയിച്ചപ്പോള്‍ മെല്‍ബണില്‍ ഇന്ത്യ തിരിച്ചടിച്ചു. രണ്ട് ടെസ്റ്റിലും ആര്‍ അശ്വിന്‍ ഉണ്ടാക്കിയ സ്വാധീനം വലുതായിരുന്നു. രണ്ടാം ടെസ്റ്റിലെത്തിയപ്പോള്‍ രവീന്ദ്ര ജഡേജയും വിലപ്പെട്ട സംഭാവന നല്‍കി. 

ഇപ്പോള്‍ ഇരുവരേയും കുറിച്ച് സംസാരിക്കുകയാണ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ. നാളത്തെ മത്സരത്തിന് മുമ്പുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രഹാനെ. എപ്പോഴും പുതിയതെങ്കിലും പഠിക്കാനാണ് അശ്വിന്‍ ശ്രമിക്കുന്നതെന്ന് രഹാനെ പറഞ്ഞു. ''എപ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന താരമാണ് അശ്വിന്‍. അദ്ദേഹത്തിന്‍റേതായിട്ടുള്ള കഴിവ് വേറെയുമുണ്ട്. ഈ മികവിനപ്പുറത്തേക്ക് പുതിയതെന്തെങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ അദ്ദേഹം എപ്പോഴും ആഗ്രഹിക്കുന്നു. അശ്വിനെ മികവുറ്റ താരമാക്കുന്നതും കഴിവ് തന്നെയാണ്. അടുത്ത രണ്ട് ടെസ്റ്റിലും അശ്വിന്‍ ഇതേ ഫോം തുടരുമെന്നാണ് എന്റെ വിശ്വാസം.'' രഹാനെ പറഞ്ഞു.

ജഡേജയുടെ ഫോമിനെ കുറിച്ചും ക്യാപ്റ്റന്‍ വാചാലനായി... ''ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ ജഡേജ ഒരുപാട് പുരോഗതി കൈവരിച്ചിട്ടുണ്ട്. ടീമിന് വലിയ ഗുണമാണത്. ഏഴാം നമ്പറില്‍ കളിക്കുന്ന ഒരു താരത്തിന് ബാറ്റുകൊണ്ട് സംഭാവന ചെയ്യാന്‍ സാധിച്ചാല്‍ അത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഫീല്‍ഡിങ്ങില്‍ അസാമാന്യ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തിയത് ഒരുപാട് സഹായിച്ചു.'' രഹാനെ പറഞ്ഞുനിര്‍ത്തി. 

പരമ്പരയില്‍ ഇതുവരെ 10 വിക്കറ്റാണ് അശ്വിന്‍ നേടിയത്. ഇതില്‍ രണ്ട് തവണയും അശ്വിന്‍ ഓസീസിന്റെ നെടുംതൂണായ സ്റ്റീവന്‍ സ്മിത്തിനെ പുറത്താക്കിരുന്നു. രണ്ടാം ടെസ്റ്റിലാണ് ജഡേജയ്ക്ക് കളിക്കാന്‍ അവസരം കിട്ടിയത്. മൂന്ന് വിക്കറ്റുകള്‍ നേടിയ താരം ആദ്യ ഇന്നിങ്‌സില്‍ വിലപ്പെട്ട 57 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.