2023 ജൂലൈയിലാണ് അഗാർക്കർ ഇന്ത്യൻ സീനിയര്‍ പുരുഷ ടീം ചീഫ് സെലക്ടറായി ചുമതലയേറ്റത്. ഈ വർഷം ജൂണിൽ അവസാനിച്ച അഗാര്‍ക്കരുടെ കരാർ ഒക്ടോബർ 4 വരെ ബിസിസിഐ നീട്ടിനൽകിയിരുന്നു.
മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്ന യോഗത്തോടെ അജിത് അഗാർക്കർ ബിസിസിഐ ചീഫ് സെലക്ടർ സ്ഥാനം ഒഴിഞ്ഞേക്കും. കാലാവധി നീട്ടിനൽകുന്ന കാര്യത്തിൽ ബിസിസിഐ നേതൃത്വത്തിന്‍റെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണങ്ങളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ചീഫ് സെലക്ടര്‍ സ്ഥാനം ഒഴിയാൻ അഗാർക്കർ തീരുമാനിച്ചിരിക്കുന്നത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള ഇമെയിൽ അയക്കാൻ അഗാര്‍ക്കര്‍ ഒരുങ്ങുന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
2023 ജൂലൈയിലാണ് അഗാർക്കർ ഇന്ത്യൻ സീനിയര്‍ പുരുഷ ടീം ചീഫ് സെലക്ടറായി ചുമതലയേറ്റത്. ഈ വർഷം ജൂണിൽ അവസാനിച്ച അഗാര്‍ക്കരുടെ കരാർ ഒക്ടോബർ 4 വരെ ബിസിസിഐ നീട്ടിനൽകിയിരുന്നു. എന്നാൽ അടുത്ത വർഷം ഒക്ടോബറിൽ നടക്കുന്ന ഏകദിന ലോകകപ്പ് വരെ കരാർ നീട്ടിനൽകണമെന്ന് അഗാർക്കർ ആഗ്രഹിച്ചിരുന്നെങ്കിലും ബിസിസിഐ ഉന്നതരുമായി ധാരണയിലെത്താൻ സാധിച്ചില്ല. രോഹിത് ശര്‍മയുടെ ഏകദിന കരിയര്‍ അവസാനിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണം അഗാര്‍ക്കര്‍ക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
2027 ലോകകപ്പിൽ രോഹിത് ശർമ്മ സെലക്ടർമാരുടെ പദ്ധതികളുടെ ഭാഗമല്ലെന്ന് അഗാർക്കറും സംഘവും ഉറപ്പിച്ചു പറഞ്ഞപ്പോൾ, ബിസി.സിഐ സെക്രട്ടറി ദേവജിത് സൈക്കിയ രോഹിതിനെ പരസ്യമായി പിന്തുണച്ചതാണ് സെലക്ഷൻ കമ്മിറ്റിയും ബിസിസിഐ നേതൃത്വവും തമ്മിലുള്ള ഭിന്നതയ്ക്ക് വഴിവെച്ചതെന്നാണ് സൂചനകൾ. ബി.സി.സി.ഐ സെന്‍റർ ഓഫ് എക്സലൻസ് തലവനായ മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മൺ അഗാർക്കർക്ക് പകരം പുതിയ ചീഫ് സെലക്ടറായി ചുമതലയേറ്റേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അഗാർക്കറുടെ നേതൃത്വത്തിന് കീഴിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം സമാനതകളില്ലാത്ത നേട്ടങ്ങളാണ് കൈവരിച്ചത്. അഗാര്‍ക്കര്‍ ചീഫ് സെലക്ടറായിരിക്കെയാണ് 2024, 2026 ടി20 ലോകകപ്പ് കിരീടങ്ങൾ ഇന്ത്യ സ്വന്തമാക്കി. 2025-ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് പുറമെ ദുബായിൽ നടന്ന ഏഷ്യാ കപ്പിലും തോൽവിയറിയാതെ ഇന്ത്യ കിരീടം നേടി. വിരാട് കോലി, രോഹിത് ശർമ്മ, രവിചന്ദ്രൻ അശ്വിൻ എന്നിവർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷമുള്ള നിർണായക ഘട്ടത്തിൽ ടീമിനെ കാര്യക്ഷമമായി മുന്നോട്ട് പോകാനും അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിക്ക് കഴിഞ്ഞിരുന്നു.
