ബംഗലൂരു: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സെഞ്ചുറിയുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച രോഹിത് ശര്‍മയുടെ ബാറ്റിംഗ് മികവിനെ പുകഴ്ത്തി പാക് മുന്‍ പേസര്‍ ഷൊയൈബ് അക്തര്‍. രോഹിത് ഫോമിലായാല്‍ പിന്നെ നല്ല പന്തെന്നോ മോശം പന്തെന്നോ നോക്കാനില്ലെന്നും എല്ലാ പന്തുകളും ഒരുപോലെ ബൗണ്ടറി കടത്താനുള്ള മികവ് രോഹിത്തിനുണ്ടെന്നും അക്തര്‍ പറഞ്ഞു.

പേസ് ബൗളര്‍മാരുടെ പന്തുകള്‍ രോഹിത് അപ്പര്‍ കട്ട് ചെയ്യുന്നത് കാണുമ്പോള്‍ 2003ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തനിക്കെതിരെ കളിച്ച അപ്പര്‍ കട്ടിനെ അനുസ്മരിപ്പിക്കുന്നുവെന്നും അക്തര്‍ പറഞ്ഞു. മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെയും പാറ്റ് കമിന്‍സിനെതിരെയും രോഹിത് കളിച്ച അപ്പര്‍ കട്ടുകള്‍ പലതും സച്ചിന്റേതിന് സമാനമായിരുന്നു. ദയാരഹിതമായാണ് രോഹിത് പേസര്‍മാരെ അടിച്ചോടിച്ചതെന്നും അക്തര്‍ പറഞ്ഞു.

2003ലെ ഏകദിന ലോകകപ്പില്‍ അക്തര്‍ക്കെതിരെ സച്ചിന്‍ തേര്‍ഡ് മാന് മുകളിലൂടെ സിക്സര്‍ പറത്തിയിരുന്നു. ഇതാദ്യമായല്ല രോഹിത്തിന്റെ അപ്പര്‍ കട്ടുകളെ സച്ചിന്റെ അപ്പര്‍ കട്ടിനോട് താരതമ്യം ചെയ്യുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ പാക് താരം ഹസന്‍ അലിയുടെ പന്തില്‍ രോഹിത് കളിച്ച അപ്പര്‍ കട്ടിനെ ഐസിസി തന്നെ സച്ചിന്റെ ഷോട്ടുമായി താരതമ്യം ചെയ്തിരുന്നു.