കറാച്ചി: ഇന്ത്യന്‍ പേസ് സെന്‍സേഷന്‍ ജസ്പ്രീത് ബൂമ്രയുടെ ബൗളിങ് ആക്ഷന്‍ പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. പെട്ടന്ന് പരിക്കേല്‍ക്കുന്ന ആക്ഷനാണെന്നാണ് ക്രിക്കറ്റ് പണ്ഡിതരുടെ അഭിപ്രായം. മുന്‍ പാകിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തറും ഇതുതന്നെയാണ് പറയുന്നത്. ബൂമ്ര ഒന്നും ശ്രദ്ധിക്കുന്നത് നല്ലതാണെന്നാണ് അക്തര്‍ പറയുന്നത്. ആകാശ് ചോപ്രയുമായി യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അക്തര്‍. 

മൂന്ന് ഫോര്‍മാറ്റിലും ഒരുമിച്ച് കളിക്കുന്നതിനെ കുറിച്ച് ബൂമ്ര ഒരിക്കല്‍കൂടി ചിന്തിക്കണമെന്നാണ് അക്തറിന്റെ അഭിപ്രായം. മുന്‍ പാക് പേസര്‍ തുടര്‍ന്നു... ''കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നത് ബൂമ്ര ശ്രദ്ധിക്കണം. വേഗത്തില്‍ പരിക്കേല്‍ക്കാന്‍ സാധ്യതയുള്ള ആക്ഷനാണ് ബൂമ്രയുടേത്. മൂന്ന് ഫോര്‍മാറ്റുകളിലും ഒരുമിച്ച് കളിക്കുന്നത് നിയന്ത്രിക്കണം. വളരെയധികം കഠിനാധ്വാനിയായ ബൗളറാണ് ബൂമ്ര. മുമ്പും ബൂമ്രയ്ക്ക് പരിക്കേറ്റിരുന്നു. പരിക്കേല്‍ക്കുന്നതിന് മുമ്പും ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിച്ചിരുന്നു. അന്നൊക്കെ ഞാന്‍ സുഹൃത്തുക്കളോട് പറയുമായിരുന്നു, ബൂമ്രയ്ക്ക് പരിക്കേല്‍ക്കാന്‍ സാധ്യത കൂടുതലാണെന്ന്. 

അദ്ദേഹത്തിന്റെ റണ്ണപ്പില്‍ കുഴപ്പമൊന്നും ഞാന്‍ കാണുന്നില്ല. പക്ഷേ ആക്ഷനിലാണ് കുഴപ്പം. പുറംഭാഗത്ത്‌ അധികം ഭാരം നല്‍കുന്ന ആക്ഷനാണ് ബൂമ്രയുടേത്. പുറം വേദന അനുഭവപ്പെടാനും കരിയര്‍ തന്നെ പ്രശ്‌നത്തിലാക്കാനും സാധ്യതയേറെയാണ്.'' അക്തര്‍ പറഞ്ഞു.