കൊളംബോ: നിയമാനുസൃതമല്ലാത്ത ബൗളിംഗ് ആക്ഷന്‍റെ പേരില്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണും ലങ്കന്‍ സ്‌പിന്നര്‍ അഖില ധനഞ്ജയ‌യും സംശയത്തിന്‍റെ നിഴയില്‍. ഗോളില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇരുവരും നിയമാനുസൃതമല്ലാത്ത ആക്ഷനില്‍ പന്തെറിഞ്ഞു എന്നാണ് മാച്ച് റഫറിയുടെ കണ്ടെത്തല്‍. 

റിപ്പോര്‍ട്ട് മാച്ച് ഒഫീഷ്യല്‍സ് ടീമുകള്‍ക്ക് കൈമാറി. ഇതോടെ 14 ദിവസത്തിനുള്ളില്‍ ഇരുവരും പരിശോധന പൂര്‍ത്തിയാക്കണം. എന്നാല്‍ ഫലം പുറത്തുവരുന്നതുവരെ താരങ്ങള്‍ക്ക് പന്തെറിയാനാവും. ഗോള്‍ ടെസ്റ്റില്‍ ലങ്കയുടെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ധനഞ്ജയ ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. മൂന്ന് ഓവര്‍ മാത്രമാണ് വില്യംസണ്‍ എറിഞ്ഞത്.

ഇതാദ്യമായല്ല വില്യംസണും ധനഞ്ജയയും ആക്ഷന്‍റെ പേരില്‍ ആരോപണനിഴലിലാവുന്നത്. വില്യംസണ്‍ 2014 ജൂലൈയിലും ധനഞ്ജയ 2018 ഡിസിംബറിലും വിലക്ക് നേരിട്ടിട്ടുണ്ട്.